കൊൽക്കത്ത: (truevisionnews.com) പ്രദേശവാസികൾ പ്രകോപിപ്പിച്ചതിന് പിന്നാലെ ജെസിബിക്കെതിരെ ആക്രമണം അഴിച്ച് വിട്ട് കാട്ടാന. ഫെബ്രുവരി ഒന്നിന് പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിലെ ഡാംഡിം പ്രദേശത്തായിരുന്നു സംഭവം നടന്നത്.

അപൽചന്ദ് വനത്തിൽ നിന്ന് ഭക്ഷണം തേടി ആന ഇറങ്ങിയപ്പോഴായിരുന്നു സംഭവം. നാട്ടുകാർ ആനയെ ഉപദ്രവിക്കുകയും ഓടിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ഇതോടെ കാഴ്ചക്കാരെയും നിർമ്മാണ ഉപകരണങ്ങളെയും സമീപത്തെ വാച്ച് ടവറിനെയും പ്രകോപിതനായ ആന ലക്ഷ്യമിടുകയായിരുന്നു.
ഇതിനിടെ ആന സമീപത്തുണ്ടായിരുന്ന ജെസിബി യന്ത്രത്തിന് നേരെ പാഞ്ഞടക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ആനയെ പ്രതിരോധിക്കാനായി ജെസിബിയുടെ കൈ ഉപയോഗിച്ച് ഡ്രൈവർ ആനയെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ഇതിനിടയിൽ ആനയുടെ അടുത്തേക്ക് കാഴ്ചക്കാർ പാഞ്ഞെത്തുന്നതും ആന പിന്തിരിയുന്നതും ദൃശ്യങ്ങളിൽ കാണാം. ആനയുടെ മസ്തകത്തിലും തുമ്പിക്കൈയിലും പരിക്കേറ്റതായും മറ്റാർക്കും പരിക്കില്ലെന്നുമാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സംഭവത്തിന് പിന്നാലെ കാട്ടാനയെ പ്രകോപിച്ചതിന് ഒരാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ജെസിബി യന്ത്രവും പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കപ്പെട്ടതിന് പിന്നാലെ കാട്ടാനയ്ക്കെതിരെ നടന്ന ക്രുരതയെ പ്രവർത്തിക്കെതിരെ വിമർശനം ഉയർന്നിട്ടുണ്ട്.
#After #being #provoked #locals #wildelephant #attacked #JCB #left.
