എറണാകുളം : ( www.truevisionnews.com) ചോറ്റാനിക്കരയില്‍ അടച്ചിട്ട വീട്ടില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിലേക്ക് കടന്ന് പൊലീസ്. ദുരൂഹത നീക്കാന്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തും.
വീട്ടുടമസ്ഥന്‍ ഫിലിപ്പിന്റെ മൊഴിയും രേഖപ്പെടും. അസ്ഥിയില്‍ അടയാളപ്പെടുത്തലുകളുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മെഡിക്കല്‍ പഠനത്തിനായി ഉപയോഗിച്ചത് എന്നാണ് പ്രാഥമിക വിവരം. ഇതില്‍ ഉള്‍പ്പടെ വ്യക്തത വരുത്താനുള്ള പരിശോധനകളാണ് കളമശേരി മെഡിക്കല്‍ കോളജില്‍ നടത്തുക.
വീട്ടിലെ ഉപയോഗശൂന്യമായ ഫ്രിഡ്ജില്‍ നിന്നാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ തലയോട്ടിയും ശരീരാവശിഷ്ടങ്ങളും പൊലീസ് കണ്ടെത്തിയത്. 30 വര്‍ഷത്തോളമായി അടഞ്ഞുകിടന്ന വീട്ടില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമായിരുന്നു.
നാട്ടുകാരുടെയും പഞ്ചായത്ത് മെമ്പറുടെയും പരാതിയെ തുടര്‍ന്ന് പൊലീസ് ഇന്നലെ വൈകിട്ട് വീട് പരിശോധിച്ചപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്.
കൊച്ചിയിലുള്ള ഡോക്ടറുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. അസ്ഥികള്‍ മനുഷ്യന്റേത് തന്നെയാണെന്നും ഏറെ നാളത്തെ പഴക്കമുണ്ടെന്നും പൊലീസ് പറഞ്ഞു. ഇതിന് 20 വര്‍ഷത്തോളം പഴക്കമുണ്ടെന്നാണ് നിഗമനം.
#Mystery #skeleton #used #for #medical #study #police #have #entered #into #detailed #investigation