നാദാപുരം: (truevisionnews.com) ചെക്യാട് പഞ്ചായത്തിലെ കണ്ടി വാതുക്കലിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു രണ്ട് പേർക്ക് പരിക്ക്. മൊകേരി സ്വദേശി ബാബു (61) കല്ലാച്ചി സ്വദേശി കുഞ്ഞിക്കണ്ണൻ (72) എന്നിവർക്കാണ് പരിക്കേറ്റത്.
നാല് പേർ സഞ്ചരിച്ച കാർ കണ്ടി വാതുക്കലിന് സമീപം പനോലക്കാവിലാണ് അപകടത്തിൽ പെട്ടത്. ചെങ്കുത്തായ കയറ്റം കയറുന്നതിനിടെ കാർ പിന്നിലേക്ക് ഉരുളുകയും റോഡിൽ നിന്ന് തെന്നി മാറി 30 മീറ്ററോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു.
അപകടത്തിൽ സാരമായി പരിക്കേറ്റ ബാബു കാറിൽ നിന്ന് ഡോർ തുറന്ന് പുറത്തേക്ക് തെറിച്ച് പോവുകയായിരുന്നെന്ന് കൂടെ ഉണ്ടായിരുന്നവർ പറഞ്ഞു.
പരിക്കേറ്റവരെ നാദാപുരം ഗവ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം വടകര ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവറടക്കം രണ്ട് പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
#Nadapuram #Chekyat #car #overturned #accident #Two #people #injured