കൽപറ്റ: (truevisionnews.com) വയനാട് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍ എം വിജയൻ്റെയും മകൻ്റെയും മരണത്തില്‍ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കും രേഖകൾക്കും എതിരെ എംഎല്‍എയും മുന്‍ ഡിസിസി പ്രസിഡന്റുമായ ഐ സി ബാലകൃഷ്ണൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.
നീതിയുക്തമായി പ്രവർത്തിക്കുന്ന ജനപ്രതിനിധിയാണ് താനെന്നും പണം വാങ്ങാൻ ആർക്കും നിർദ്ദേശം നൽകിയില്ലെന്നും ബാലകൃഷ്ണൻ പറഞ്ഞു.
കോണ്‍ഗ്രസ് ഭരണമുള്ള സഹകരണ ബാങ്കുകളില്‍ ജോലി വാഗ്ദാനം ചെയ്ത് ഐസി ബാലകൃഷ്ണന്റെ നിര്‍ദേശാനുസരണം പലരും വിജയന് പണം നല്‍കിയെന്നുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു.
നിയമനം ലഭിക്കാതായതോടെ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എന്‍ എം വിജയന്‍ കെപിസിസി അധ്യക്ഷന് കത്തയച്ചിരുന്നു. വയനാട്ടിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് എന്‍ എം വിജയന്റെ കുടുംബം.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് എന്‍ എം വിജയനെയും മകനെയും വിഷം കഴിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വിജയനും മകന്‍ ജിജേഷും മരണത്തിന് കീഴടങ്ങിയത്. വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖനായിരുന്നു എന്‍ എം വിജയന്‍.
നീണ്ടകാലം സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു.
#Death #DCC #Treasurer #ICBalakrishnan #filed #complaint #district #police #chief