തിരുവനന്തപുരം: ( www.truevisionnews.com ) പെരിയ ഇരട്ടക്കൊലകേസിലെ കോടതി വിധിയിൽ പ്രതികരിച്ച് കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ.
വിധിയിൽ ഉൾപ്പെടുത്താത്ത ആളുകൾക്കെതിരേ ഹൈക്കോടതിയെ സമീപിക്കും. കുഞ്ഞിരാമന് മുകളിലും താഴെയും ആളുകളുണ്ടെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
'രാഷ്ട്രീയ കൊലപാതകത്തിൽ ഇതുപോലെ ഒരു വിധി എന്റെ ഓർമ ശരിയാണെങ്കിൽ ആദ്യത്തേതാണ്.
ഇത്രയും പ്രതികളെ ശിക്ഷിച്ചുകൊണ്ടുള്ള വിധി നമുക്ക് ലഭിക്കാനിടയായത് നിയമപരമായി കോടതിക്ക് തോന്നിയ നല്ല ബുദ്ധികൊണ്ട്.
നിലവിലെ പോലീസ് ഉദ്യോഗസ്ഥരെ മാറ്റി സി.ബി.ഐ.ക്ക് കേസ് കൈമാറാൻ നട്ടെല്ല് കാണിച്ച ഉദ്യോഗസ്ഥർക്ക് തന്നെയാണ് ഈ കേസിന്റെ വിജയശിൽപികൾ.
കേരളത്തിൽ ഇത്രയധികം ആളുകളെ ശിക്ഷിച്ച കേസുകളുണ്ടോ എന്ന് അറിയില്ല. വീണ്ടും നമ്മൾ കോടതിയിലേക്ക് പോകുകയാണ്. ഇപ്പോൾ വന്ന വിധിയിൽ ഉൾപ്പെടാത്ത ആളുകൾക്കെതിരേ ഹൈക്കോടതിയെ സമീപിക്കും.
എല്ലാ ആളുകളെ സംബന്ധിച്ചും ഒരു മാതൃകയായി ഈ കേസിനെ മാറ്റും. സർക്കാർ ശ്രമങ്ങളെ എല്ലാം മറികടന്നാണ് സി.ബി.ഐ കേസ് അന്വേഷിച്ചത്.
സി.ബി.ഐ. ഉദ്യോഗസ്ഥരുടെ ആത്മാർഥതയെ അഭിനന്ദിക്കുന്നു. കുഞ്ഞിരാമന് മുകളിലും താഴെയും ആളുകളുണ്ട്.
ഇക്കാര്യം ഹൈക്കോടതിയെ സമീപിക്കുമ്പോൾ വ്യക്തമാക്കും', സുധാകരൻ പറഞ്ഞു.
കേസിൽ സി.പി.എമ്മിന് പങ്കില്ലെന്ന എൽ.ഡി.എഫ് കൺവീനറുടെ വാദത്തോട് സുധാകരൻ പ്രതികരിച്ചു. 'സി.പി.എമ്മിന് പങ്കില്ലെങ്കിൽ പിന്നെ ആർക്കാണ് പങ്കെന്ന് അദ്ദേഹം സി.ബി.ഐ.യോട് പറയട്ടെ.
അല്ലെങ്കിൽ കോടതിയോട് പറയട്ടെ', അദ്ദേഹം കൂട്ടിച്ചേർത്തു.
#people #above #below #Kunjiraman #Now #approach #HighCourt #KSudhakaran