ചെന്നൈ : (truevisionnews.com) അണ്ണാ സർവകലാശാല കാംപസിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി ഡിഎംകെയുടെ സജീവ പ്രവർത്തകനെന്ന ആരോപണവുമായി ബിജെപി.
അറസ്റ്റിലായ പ്രതി ജ്ഞാനശേഖർ സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പങ്കുവച്ചു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലെ എക്സിൽ കുറിച്ചു. ‘ഷെയിം ഓൺ യു സ്റ്റാലിൻ’ എന്ന ഹാഷ്ടാഗോടു കൂടിയാണ് ചിത്രങ്ങൾ പങ്കുവച്ചത്.
ഡിഎംകെയുടെ വിദ്യാർഥി വിഭാഗത്തിന്റെ സെയ്ദായി ഈസ്റ്റ് ഡെപ്യൂട്ടി ഓർഗനൈസറാണ് ജ്ഞാനശേഖറെന്നും അണ്ണാമലൈ ആരോപിച്ചു. ‘‘തമിഴ്‌നാട്ടിൽ ഉടനീളമുള്ള കുറ്റകൃത്യങ്ങളിൽ ഒരു നിശ്ചിത പാറ്റേൺ കാണുന്നുണ്ട്.
ആദ്യം ഒരു ക്രിമിനൽ ഡിഎംകെയിൽ അംഗമാകുന്നു. തുടർന്ന് ഡിഎംകെയുടെ നേതാക്കളുമായി ഇയാൾ അടുപ്പത്തിലാകുകയും റജിസ്റ്റർ ചെയ്ത എല്ലാ കേസുകളും പൊലീസിൽ സമ്മർദ്ദം ചെലുത്തി തേച്ചുമായ്ച്ചു കളയുകയും ചെയ്യുന്നു. ഇതു പ്രതികൾക്ക് കൂടുതൽ കുറ്റം ചെയ്യാനുള്ള അവസരം ഒരുക്കുകയാണ്.’’ – അണ്ണാമലെ എക്സിൽ കുറിച്ചു.
പതിനഞ്ചോളം ലൈംഗിക അതിക്രമ കേസുകളിൽ ഉൾപ്പെട്ട ഒരാളെ ഇത്രയും ദിവസമായി ഒരു നടപടിയും എടുക്കാതെ വിട്ടതു കൊണ്ടാണ്, നിരപരാധിയായ വിദ്യാർഥിനിക്ക് ഈ ക്രൂരത നേരിടേണ്ടി വന്നതെന്നും അണ്ണാമലെ കൂട്ടിച്ചേർത്തു.
‘‘എത്രനാൾ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് ഇതു സഹിക്കേണ്ടിവരും? ഭരണകക്ഷിയിൽപ്പെട്ട ആളാണെങ്കിൽ കുറ്റവാളികൾക്കെതിരെ നടപടിയെടുക്കരുതെന്ന് തമിഴ്‌നാട്ടിൽ നിയമമുണ്ടോ?’’– അണ്ണാമലൈ ചോദിച്ചു.
അണ്ണാമലെ പുറത്തുവിട്ട ചിത്രങ്ങൾക്ക് മറുപടിയുമായി ഡിഎംകെ രംഗത്തെത്തി. പ്രതികൾ പാർട്ടി നേതാക്കളുടെയും മന്ത്രിമാരുടെയും ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ ഒന്നും അർഥം വയ്ക്കുന്നില്ലെന്ന് ഡിഎംകെ നേതൃത്വം വ്യക്തമാക്കി. ആരെങ്കിലും കുറ്റം ചെയ്താൽ നിയമം കയ്യുംകെട്ടി നോക്കി നിൽക്കില്ല.’’ ഡിഎംകെ നേതാവ് എ.ശരവണൻ പറഞ്ഞു.
#Accused #case #molesting #student #Udayanidhi #Annamalai #shared #picture