വടകര: ( www.truevisionnews.com ) അവധിദിനമായതിനാൽ മുറിയിൽ വെറുതേ ഇരിക്കേണ്ടെന്ന് കരുതിയാണ് ജോയൽ കാരവനിൽ ഡ്രൈവർ മനോജിന് തുണയായി കണ്ണൂരിലേക്ക് പോയത്.
ആ യാത്ര മനോജിനൊപ്പം ജോയലിനും അവസാനയാത്രയായി. വടകര കരിമ്പനപ്പാലത്ത് റോഡരികിൽ നിർത്തിയിട്ട കാരവനിൽ മരിച്ചനിലയിൽ കാണപ്പെട്ട കാസർകോട് ചിറ്റാരിക്കാൽപറമ്പിലെ പാറശ്ശേരി ജോയൽ കാരവനിലെ ജീവനക്കാരനൊന്നുമല്ല.
കാരവൻ സർവീസ് നടത്തുന്ന ഫ്രണ്ട്‌ലൈൻ ഹോസ്പിറ്റാലിറ്റി ആൻഡ് പ്രോപ്പർട്ടി മാനേജ്‌മെന്റ് സ്ഥാപനത്തിലെ ഐ.ടി. വിഭാഗത്തിലാണ് ജോയലിന് ജോലി.
കാരവൻ ഡ്രൈവർ മനോജുമായി ജോയലിന് നല്ലസൗഹൃദമാണ്. ആ സൗഹൃദത്തിന്റെ പുറത്താണ് ഞായറാഴ്ച കണ്ണൂരിലേക്ക് കാരവൻ ട്രിപ്പ് പോയപ്പോൾ ജോയലും ഒപ്പംകൂടിയത്. മനോജിന് ഒരു തുണയാകുമെന്നും കരുതി.
കുന്നംകുളത്തുനിന്ന് കണ്ണൂരിലേക്ക് വധൂവരന്മാരും ബന്ധുക്കളും അടക്കം ആറുപേരാണ് കാരവനിലുണ്ടായിരുന്നത്.
ഞായറാഴ്ച രാത്രി പത്തോടെ ഇവരെ കണ്ണൂരിലിറക്കി മനോജും ജോയലും എടപ്പാളിലേക്ക് തിരിച്ചു. ഇതിനിടയിൽ വടകരയിൽ വണ്ടിനിർത്തി ഉറങ്ങാൻ കിടന്നപ്പോഴാണ് ഇരുവരെയും നിനച്ചിരിക്കാതെ മരണംകവർന്നത്.
കംപ്യൂട്ടർ സയൻസ് ബിരുദധാരിയായ ജോയൽ, ഒരുവർഷമായി ഫ്രണ്ട്‌ലൈനിൽ ജോലിചെയ്യുന്നുണ്ട്. എടപ്പാളിലാണ് താമസം. ഇടയ്ക്ക് നാട്ടിൽപോകും. ക്രിസ്മസിന് മുന്നോടിയായി ചൊവ്വാഴ്ച ജോയൽ നാട്ടിൽവരുമെന്ന് പറഞ്ഞിരുന്നതായി സുഹൃത്ത് ജെയ്‌സൺ പറഞ്ഞു.
ഞായറാഴ്ച രാത്രി പത്തിനും ഒരു സുഹൃത്തുമായി ജോയൽ സംസാരിച്ചിരുന്നു. രാത്രി രണ്ടിന് മറ്റൊരു സുഹൃത്തിനെ വീഡിയോകോൾ ചെയ്തിരുന്നു. ഇതിനുശേഷമാണ് ഇവർ വിശ്രമിക്കാനായി വടകര കരിമ്പനപ്പാലത്ത് നിർത്തിയിട്ടതെന്ന് സംശയിക്കുന്നു. തിങ്കളാഴ്ച ജോയലിനെ സുഹൃത്തുക്കൾ പലരും ഫോണിൽ വിളിച്ചിരുന്നു. കാരവനിൽ മരണപ്പെട്ട വാർത്ത സുഹൃത്തുക്കളും ബന്ധുക്കളും അറിയുന്നത് രാത്രി പത്തോടെയാണ്. തുടർന്ന്, ഇവർ വടകരയിലേക്ക് പുറപ്പെട്ടു.
പുലർച്ചെ ഒന്നരവരെ മനോജ് ഓൺലൈനിൽ
‘ഫ്രണ്ട്‌ലൈനി’ന്റെ കാരവനിൽ മനോജ് ഡ്രൈവറായിട്ട് എട്ടുമാസമായി. അതിനുമുൻപ് ബസ് ഡ്രൈവറായും ഓട്ടോഡ്രൈവറായുമെല്ലാം ജോലിനോക്കി. സ്കൂൾബസിലും ഡ്രൈവറായിരുന്നു. മനോജ് തിങ്കളാഴ്ച പുലർച്ചെ ഒന്നരവരെ ഓൺലൈനിലുണ്ടായിരുന്നു.
ഭാര്യയും രണ്ട് പെൺകുട്ടികളുമാണ് വീട്ടിലുള്ളത്. മനോജ് തിങ്കളാഴ്ച വീട്ടിലേക്ക് വിളിക്കാതിരുന്നതോടെ ഭാര്യ പ്രിയ കുറേതവണ മനോജിന്റെ ഫോണിലേക്ക് വിളിച്ചിരുന്നു. കിട്ടാതെവന്നതോടെ കമ്പനിയിൽ ബന്ധപ്പെട്ടു. കൂടാതെ, ബന്ധുക്കളോടും വിവരം പറഞ്ഞു.
കമ്പനി മാനേജർ രാജേഷും ഭാര്യാസഹോദരൻ ഉൾപ്പെടെയുള്ളവരും മനോജിനെ വിളിച്ചിരുന്നു. ഇതിനിടെയാണ് ജി.പി.എസ്. ലൊക്കേഷൻ നോക്കി വടകരയ്ക്ക് സമീപം വണ്ടിയുണ്ടെന്ന് മനസ്സിലാക്കുന്നതും മാനേജരുടെ സുഹൃത്തുവഴി വടകരയിലെ ഒരു ബാങ്ക് ജീവനക്കാരനെ ബന്ധപ്പെട്ട് കാരവൻ കണ്ടെത്തുന്നതും.
എട്ടരയോടെത്തന്നെ മനോജിന്റെ ബന്ധുക്കൾ മരണവാർത്ത അറിഞ്ഞു. സഹോദരൻ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ പുലർച്ചെ ഒരുമണിയോടെ വടകരയിലെത്തി.
ടൂറിസംപദ്ധതിയുടെ ഭാഗമായി വാങ്ങിയ കാരവൻ
വടകര കരിമ്പനപ്പാലത്ത് രണ്ടുപേരെ മരിച്ചനിലയിൽ കണ്ടെത്തിയ കാരവൻ ഫ്രണ്ട്‌ലൈൻ കമ്പനി വാങ്ങിയത് സംസ്ഥാന ടൂറിസം വകുപ്പിന്റെ കാരവൻ കേരള ടൂറിസം പദ്ധതിയുടെ ഭാഗമായി. എല്ലാവിധ ആഡംബരസൗകര്യങ്ങളോടുംകൂടി രൂപകല്പനചെയ്ത വാഹനമാണിത്. ഭാരത് ബെൻസിന്റേതാണ് ചേസിസ്. ശൗചാലയം, അടുക്കള, രണ്ട് കിടപ്പുമുറി, ആറ് സീറ്റ്, ഡ്രൈവർ കാബിൻ എന്നിവയെല്ലാം ഉൾപ്പെട്ടതാണ് ഈ കാരവൻ.
#Joel #also #accompanied #him #on #trip #to #Kannur #out #friendship #finally #to #death