പുത്തൂർ (കൊല്ലം): ( www.truevisionnews.com ) കല്ലടയാറ്റിലൂടെ 10 കിലോമീറ്ററോളം ഒഴുകിയിട്ടും അദ്ഭുതകരമായി രക്ഷപ്പെട്ട് വാർത്തകളിൽ ഇടംനേടിയ സ്ത്രീയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.
കുളക്കടക്കിഴക്ക് മനോജ് ഭവനിൽ ശ്യാമളയമ്മ(62)യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴരയ്ക്ക് വീട്ടിലെ അടുക്കളയോടു ചേർന്ന മുറിയിലാണ് തൂങ്ങിയനിലയിൽ കണ്ടത്.
ഭർത്താവ് രാവിലെ റബ്ബർ ടാപ്പിങ്ങിനായി പുറത്തുപോകുക പതിവായിരുന്നു. കടയിലേക്കു പോയ മകൻ തിരിച്ചുവന്നപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത്.
വിവരമറിഞ്ഞ് ഓടിയെത്തിയ വാർഡ് അംഗം ഹരികൃഷ്ണന്റെ നേതൃത്വത്തിൽ ശ്യാമളയമ്മയെ ഉടൻതന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഈവർഷം മേയ് 28-ന് രാവിലെയാണ് ശ്യാമളയമ്മ വീടിനു സമീപത്തെ കടവിൽനിന്ന് കല്ലടയാറ്റിൽ ഒഴുക്കിൽപ്പെടുന്നത്. മഴകാരണം വെള്ളമുയർന്ന നദിയിലൂടെ 10 കിലോമീറ്ററോളം ഒഴുകി ചെറുപൊയ്ക മംഗലശ്ശേരി കടവിനു സമീപത്തായിരുന്നു വന്നടിഞ്ഞത്.
സ്ത്രീ ഒഴുകിയെത്തുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ അന്ന് വളരെ സാഹസികമായി അവരെ കരയ്ക്കെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഭർത്താവ്: ഗോപിനാഥൻ പിള്ള. മകൻ: മനോജ്കുമാർ.മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സേവനം തേടുക. അതിജീവിക്കാൻ ശ്രമിക്കുക. ദിശ ഹെൽപ്പ് ലൈനിൽ ബന്ധപ്പെടാം. നമ്പർ 1056, 0471-2552056)
#woman #who #escaped #being #swept #away #kalladayar #committed #suicide