കോഴിക്കോട്: ( www.truevisionnews.com ) പരസ്യ ചിത്രീകരണത്തിനിടെ കാറിടിച്ച് ഇരുപതുകാരൻ മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.
അപകടമുണ്ടാക്കിയ ബെൻസ് കാർ ഓടിച്ചിരുന്ന മഞ്ചേരി സ്വദേശി സാബിദ് റഹ്മാന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
സാബിദിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടർ വാഹന വകുപ്പിന് നിർദേശം നൽകി. വാഹനത്തിന്റെ ആർസി റദ്ദാക്കാനും നിർദേശം നൽകി.
ബീച്ച് റോഡിൽ മത്സരയോട്ടം ചിത്രീകരിക്കുന്നതിനിടെയാണ് വടകര കടമേരി തച്ചിലേരി താഴെകുനി സുരേഷിന്റെയും ബിന്ദുവിന്റെയും ഏക മകനായ ആൽവിൻ (20) മരിച്ചത്.
അപകടത്തെ തുടർന്ന് കാറുകൾ ഓടിച്ചിരുന്ന മഞ്ചേരി സ്വദേശി സാബിദ് റഹ്മാൻ, ഇടശേരി സ്വദേശി മുഹമ്മദ് റബീസ് എന്നിവരെ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
2 കാറുകൾ സമാന്തരമായി അതിവേഗത്തിൽ എത്തുന്ന രംഗം റോഡിന്റെ മധ്യഭാഗത്തു നിന്ന് ആൽവിൻ ചിത്രീകരിക്കുകയായിരുന്നു.
കാറുകൾ ആൽവിന്റെ തൊട്ടു മുന്നിൽ എത്തുമ്പോൾ നിർത്താനായിരുന്നു നിശ്ചയിച്ചത്.
എന്നാൽ കാറുകളുടെ അതിവേഗം കണ്ട ആൽവിൻ റോഡിന്റെ വശത്തേക്കു മാറുമ്പോൾ ഇടിക്കുകയായിരുന്നു.
കാർ ആക്സസറീസ് സ്ഥാപനത്തിന്റെ പ്രമോഷൻ റീൽസ് ആണു ചിത്രീകരിച്ചത്.
ഗൾഫിൽ ബന്ധുവിന്റെ സ്ഥാപനത്തിൽ വിഡിയോഗ്രഫറായി ജോലി ചെയ്യുകയായിരുന്നു ആൽവിൻ. 2 വർഷം മുൻപു വൃക്ക മാറ്റിവച്ചതുമായി ബന്ധപ്പെട്ട പരിശോധനയ്ക്കായാണ് നാട്ടിലെത്തിയത്.
നേരത്തെ ഇതേ സ്ഥാപനത്തിന്റെ റീൽസ് ചെയ്തിട്ടുള്ളതിനാൽ നാട്ടിലെത്തിയപ്പോൾ അവർ വീണ്ടും വിളിക്കുകയായിരുന്നു.
#Accident #during #shooting #reels #Zabid #arrested #drivinglicense #suspended