കോഴിക്കോട്: ( www.truevisionnews.com ) റീല്‍സ് ചിത്രീകരണത്തിനിടെ വാഹനം ഇടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്.
റീല്‍സ് ചിത്രീകരണത്തിനിടെ കടുത്ത നിയമലംഘനം നടന്നിട്ടുണ്ടെന്നും അപകടത്തിന്റെ വ്യാപ്തി പരിശോധിച്ച ശേഷം വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും എംവിഡി പ്രതികരിച്ചു.
'ബെന്‍സും ഡിഫന്‍ഡറും ഉണ്ടായിരുന്നു. ഇരു വാഹനങ്ങളും സമാന്തരമായി വരികയായിരുന്നു. ബെന്‍സ് വാഹനം റോഡിന്റെ വലതുവശം ചേര്‍ന്നും ഡിഫന്‍ഡര്‍ വാഹനം റോഡിന്റെ ഇടതുവശം ചേര്‍ന്നുമാണ് വന്നത്.
വീഡിയോ എടുക്കുന്ന ആല്‍വിന്‍ റോഡില്‍ നടുവില്‍ ആയിരുന്നു. ബെന്‍സ് ഡിഫന്‍ഡറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് ആല്‍വിനെ ഇടിക്കുകയായിരുന്നു', എംവിഡി വിശദീകരിച്ചു.
പ്രദേശത്തുള്ള സിസിടിവി ഫൂട്ടേജുകള്‍ പരിശോധിച്ച് വരികയാണ്. ചോദ്യം ചെയ്യലിന് ശേഷം എഫ്‌ഐആര്‍ ഇടും.
ഡിഫന്‍ഡറിന് ഒറിജിനല്‍ നമ്പര്‍പ്ലേറ്റ് അനുവദിച്ചിരുന്നു. താല്‍ക്കാലിക നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചാണ് ഷൂട്ടിംഗ്.
അതും നിയമലംഘനമാണെന്നും എംവിഡി ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ന് രാവിലെ ഏഴരയോടെയാണ് വെള്ളയില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബീച്ച് റോഡില്‍ അപകടം നടന്നത്.
സാരമായി പരിക്കേറ്റ ആല്‍വിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. ഒരാഴ്ച്ച മുന്‍പാണ് ആല്‍വിന്‍ ഗള്‍ഫില്‍ നിന്നും നാട്ടിൽ എത്തിയത്.
#Alvin #hit #Benzcar #Both #vehicles #impounded #license #revoked #MVD