കോഴിക്കോട്: ബൗദ്ധിക വെല്ലുവിളി നേരിടുന്ന മകൾ സ്വരാത്മിക (14)യെ ദിവസവും നാദാപുരത്തെ പാലിയേറ്റീവ് തെറാപ്പി കേന്ദ്രത്തിൽ തെറാപ്പി ചെയ്യാൻ കൊണ്ടുപോവുക എന്നത് അമ്മ സീമയെ സംബന്ധിച്ച് ഭാരിച്ച ജോലിയാണ്.
മകളെ ആദ്യം എടുത്തു മതിലിന്മേൽ ഇരുത്തി, പിന്നീട് വഴിയിൽ വന്നു വീണ്ടും എടുത്തുകൊണ്ടു വേണം ദുർഘടപാത താണ്ടാൻ.
വീട്ടിലേക്ക്, വാഹനം പോകുന്ന വിധം കുറേക്കൂടി വീതിയുള്ള വഴി ലഭ്യമല്ലാത്തതാണ് പുറമേരി എസ് വി എൽപി സ്കൂളിന് സമീപം 'ശ്രീലക്ഷ്മി'യിൽ താമസിക്കുന്ന സീമയുടെ പ്രശ്നം.
ഭിന്നശേഷിക്കാരിയായ മകൾ ഉള്ളതിനാൽ മറ്റ് എല്ലാ അയൽക്കാരും വഴി വീതികൂട്ടാൻ അനുവദിച്ചില്ലെങ്കിലും ഒരാൾ മാത്രം സമ്മതിക്കുന്നില്ലെന്ന് സീമ പറയുന്നു.
"അനുവദിക്കാത്ത ആളുടെ സ്ഥലം വീതി കൂട്ടാൻ ആവശ്യമില്ല. പക്ഷേ വീതി കൂട്ടിയാൽ അയാളുടെ സ്ഥലത്ത് മഴക്കാലത്ത് വെള്ളം കയറും എന്ന് പറഞ്ഞ് തടയുകയാണ്," അവർ വിശദീകരിച്ചു.
വർഷങ്ങളായി ഇക്കാര്യം പറഞ്ഞു താൻ പലരെയും സമീച്ചെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞു അനന്തമായി നീട്ടുകയാണെന്നും അദാലത്തിൽ വെച്ച് സീമ മന്ത്രി പി എ മുഹമ്മദ് റിയാസിനോട് പറഞ്ഞു.
വിഷയത്തിൽ പുറമേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് നേരിൽ വിവരം ആരാഞ്ഞ മന്ത്രിയും ജില്ലാ കളക്ടറും വഴിയുടെ കാര്യത്തിൽ പുന:പരിശോധന നടത്താൻ ആവശ്യപ്പെട്ടു.
സ്വരാത്മികയുടെ പ്രശ്നം ന്യായമാണെന്നും ഗ്രാമപഞ്ചായത്ത് തലത്തിൽ മധ്യസ്ഥ ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാമെന്നും ജില്ലാ സാമൂഹ്യനീതി ഓഫീസറും അഭിപ്രായപ്പെട്ടു.
#swarathmika #needs #good #way #home #Guaranteed #fix #it #advised #re #inspection