ആലപ്പുഴ: (www.truevisionnews.com) കളർകോട് അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്നത് 11 വിദ്യാർഥികൾ. കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ചുപേരാണ് മരിച്ചത്.
13 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇതിൽ 11 പേർ കാറിലും രണ്ടുപേർ ബൈക്കിലുമായിരുന്നു. ഇവർ സിനിമ കാണുന്നതിനായി പോവുകയായിരുന്നു എന്നാണ് വിവരം.
പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, കണ്ണൂര്‍ സ്വദേശി മുഹമ്മദ് ജബ്ബാര്‍, മലപ്പുറം സ്വദേശി ദേവനന്ദ് എന്നിവരാണ് മരിച്ചത്.
കളർകോട് ജംഗ്ഷനിൽ രാത്രി 9.30ഓടെയായിരുന്നു അപകടം. വൈറ്റിലയിൽനിന്ന് കായംകുളത്തേക്ക് വന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ആലപ്പുഴയിലേക്ക് വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.
വണ്ടാനം മെഡിക്കൽ കോളജ് ഒന്നാം വർഷ വിദ്യാർഥികളാണ് മരിച്ചത്. സംഭവത്തിൽ കെഎസ്ആർടിസി യാത്രക്കാരായ നാല് പേർക്ക് പരിക്കേറ്റു.
അപകടത്തിൽ കാർ പൂർണമായും തകർന്നു. എട്ട് പേർക്ക് യാത്രചെയ്യാൻ കഴിയുന്ന വാഹനത്തിൽ 11 പേരായിരുന്നു ഉണ്ടായിരുന്നത്. ഫയർഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്.
അപകട സമയം പ്രദേശത്ത് നല്ല മഴയുണ്ടായിരുന്നു. വലിയ ശബ്ദം കേട്ടാണ് ഓടി വന്നതെന്ന് നാട്ടുകാർ പറഞ്ഞു. കാർ തെന്നിമാറി കെഎസ്ആർടിസി ബസിലേക്ക് ഇടിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
സംഭവത്തിൽ രണ്ടുപേർ തൽക്ഷണം മരിച്ചു. മൂന്നുപേർ ആശുപത്രിയിൽവെച്ചാണ് മരിച്ചത്. ആറുപേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആലപ്പുഴ വാഹനാപകടത്തില്‍ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരണമടഞ്ഞ സംഭവം ഹൃദയഭേദകമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.
പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
#Kalarcodeaccident #Students #bathed #blood #people #car