കൊച്ചി : ( www.truevisionnews.com) ഡിജിറ്റൽ അറസ്റ്റ് ഭീഷണി മുഴക്കി നാല് കോടിയിലേറെ രൂപ തട്ടിയെടുത്ത രണ്ട് യുവാക്കളെ കൊച്ചി സൈബർ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
തട്ടിയെടുത്ത പണം 450 തോളം അക്കൗണ്ടുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടെന്നാണ് പൊലീസ് കണ്ടെത്തൽ.
തട്ടിയെടുത്ത പണത്തിലെ ഒരു കോടി രൂപയോളം രൂപ വിവിധ അക്കൗണ്ടുകളിലായി പോലീസ് മരവിപ്പിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് സൂചിപ്പിച്ചു.
മലബാർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് സംഘത്തിലെ രണ്ട് കണ്ണികളെയാണ് സൈബർ പൊലീസ് പിടികൂടിയത്. മലപ്പുറം സ്വദേശി മുഹമ്മദ് മുഹസിൽ (22) കോഴിക്കോട് സ്വദേശി കെ.പി. മിസ്ഹാപ് (21) എന്നിവർ വാഴക്കാല സ്വദേശി ബെറ്റി ജോസഫ് എന്ന സ്ത്രീയുടെ പരാതിയിലാണ് അറസ്റ്റിലായത്.
സ്വകാര്യ ബാങ്കിന്റെ ദില്ലി ബ്രാഞ്ചിൽ ബെറ്റിയുടെ പേരിൽ അക്കൗണ്ട് ഉണ്ടെന്നും ഈ അക്കൗണ്ട് ഉപയോഗിച്ച് സന്ദീപ് കുമാർ എന്നയാൾ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്.
ദില്ലി പൊലീസെന്ന് തെറ്റിദ്ധരിപ്പിച്ച് വീഡിയോ കോളിലൂടെ ഡിജിറ്റൽ അറസ്റ്റ് നടത്തിയെന്ന് ബെറ്റിയെ ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്.
ബെറ്റിയുടെ അക്കൗണ്ടുകളിലുളള പണം നിയമപരം എന്ന് വരുത്താൻ മുഴുവൻ തുകയും മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാനും നിർദ്ദേശിച്ചു . തട്ടിപ്പുകാരുടെ കെണി മനസിലാക്കാതെ ബെറ്റി മൂന്ന് അക്കൗണ്ടുകളിലായി ഉണ്ടായിരുന്ന 4.1 കോടി രൂപ തട്ടിപ്പുകാർ പറഞ്ഞ അക്കൗണ്ടുകളിലേക്ക് കൈമാറി.
ഒക്ടോബർ 16 നും 24 നും ഇടയിൽ ഏഴു തവണകളിലായിട്ടായിരുന്നു കൈമാറ്റം. കേസ് തീരുന്ന മുറയ്ക്ക് പണം തിരികെ നൽകുമെന്നായിരുന്നു ഉറപ്പ്. എന്നാൽ പണം തിരികെ കിട്ടാതെ വന്നതോടെയാണ് ചതി മനസിലാക്കിയതും പൊലീസിനെ സമീപിച്ചതും.
തട്ടിപ്പു സംഘത്തിലെ കമ്മീഷൻ ഏജന്റുകാർ മാത്രമാണ് പിടിയിലായ യുവാക്കളെന്നാണ് സൂചന. ഇവരുടെ അക്കൗണ്ടുകളിലേക്കാണ് ബെറ്റിയുടെ നാലു കോടി രൂപ കൈമാറിയത്.
ഇതിൽ കമ്മീഷൻ തുകയായി ഏതാണ്ട് ഒന്നര ലക്ഷം രൂപയേ കിട്ടിയുളളുവെന്നും ബാക്കി തുക മറ്റ് പല അക്കൗണ്ടുകളിലേക്കുമായി മാറ്റി നൽകിയെന്നുമാണ് യുവാക്കളുടെ മൊഴി.
തട്ടിയെടുത്ത പണം 450 ലേറെ അക്കൗണ്ടുകളിലൂടെ കൈമാറിയെന്നാണ് പൊലീസ് കണ്ടെത്തൽ. സംശയാസ്പദമായ ഇടപാട് നടന്ന വിവിധ അക്കൗണ്ടുകളിലായി ഒരു കോടി രൂപയിലേറെ രൂപ സൈബർ സെൽ ഇടപെടലിൽ മരവിപ്പിച്ചിട്ടുണ്ട്.
തട്ടിപ്പിന് നേതൃത്വം നൽകുന്ന കൂടുതൽ ആളുകളുടെ അറസ്റ്റ് വരും ദിവസങ്ങളിൽ ഉണ്ടാകുമെന്ന സൂചനയാണ് സൈബർ പൊലീസ് നൽകുന്നത്.
#4.11 #crore #transferred #450 #accounts #More #details #Kochi #digital #arrest #are #out