തിരുവനന്തപുരം: (truevisionnews.com) രാജ്യത്ത് നിരോധിച്ച സാറ്റലൈറ്റ് ഫോൺ പിടികൂടി. വിഴിഞ്ഞം സ്വദേശിയായ യുവാവിൻ്റെ കയ്യിൽ നിന്നാണ് ഫോൺ പിടികൂടിയത്.
തുടർന്ന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിശദ പരിശോധനയ്ക്കായി ഫോൺ ഫോറൻസിക് വിഭാഗത്തിന് കൈമാറും. കഴിഞ്ഞദിവസം രാത്രിയായിരുന്നു ഫോൺ കസ്റ്റഡിയിൽ എടുത്തത്.
യുവാവ് ഫോൺ ഓൺ ചെയ്ത ഉടൻ തന്നെ രഹസ്യ അന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. തുടർന്ന് വിഴിഞ്ഞം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അറസ്റ്റ് ചെയ്യുന്നതിന് മുൻപ് ഇയാളെ രഹസ്യ അന്വേഷണ വിഭാഗം ചോദ്യം ചെയ്തിരുന്നു.
നിരോധിക്കപ്പെട്ട സാറ്റലൈറ്റ് മൊബൈൽ ഫോണായ തുറയ ഫോണാണ് പൊലീസ് പിടികൂടിയത്. ഗൾഫിലുള്ള സഹോദരൻ മുഖേനെയാണ് ഫോൺ ലഭിച്ചതെന്നാണ് യുവാവിന്റെ മൊഴി.
ഇന്ത്യൻ വയർലെസ് ടെലിഗ്രഫി നിയമപ്രകാരം സാറ്റലൈറ്റ് ഫോണുകൾ അനുമതിയില്ലാതെ ഇന്ത്യയിൽ ഉപയോഗിക്കാൻ പാടില്ല. ഇന്ത്യൻ ടെലിഗ്രാഫ് ആക്ട്, ഇന്ത്യൻ വയർലെസ് ടെലിഗ്രാഫി ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് ഫോൺ ഉപയോഗം വിലക്കിയിരിക്കുന്നത്.
രാജ്യത്തേക്ക് വരുന്ന സന്ദർശകർ പോലും അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ കൊണ്ടുവരരുതെന്നും നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്. 2008 നവംബറിൽ മുംബൈയിൽ ആക്രമണം നടത്തിയ പാകിസ്ഥാൻ ഭീകരർ, ലഷ്‌കർ-ഇ-യ്ബ ഹാൻഡ്‌ലർമാരുമായി സമ്പർക്കം പുലർത്താൻ ഇത്തരം സാറ്റലൈറ്റ് ഫോണുകൾ ഉപയോഗിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് സാറ്റലൈറ്റ് ഫോണുകൾ കൈവശം വയ്ക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള നിയന്ത്രണങ്ങൾ കർശനമാക്കിയത്.
#satellite #phone #banned #country #seized.