ഗാന്ധിനഗര്‍: (www.truevisionnews.com) ഗുജറാത്തില്‍ സാമ്പിള്‍ ശേഖരണത്തിനെടുത്ത കുഴി ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ ഐ.ഐ.ടി. ഡല്‍ഹിയിലെ ഗവേഷക വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം.
സിന്ധു നദീതട സംസ്‌കാരത്തിന്റെ ഭാഗമായ പ്രാചീന തുറമുഖ നഗരം- ലോഥലില്‍ ഗവേഷണത്തിന്റെ ഭാഗമായ ഖനന പ്രവർത്തനങ്ങൾക്ക് എത്തിയ സുരഭി വര്‍മ(23)യ്ക്കാണ് ജീവന്‍ നഷ്ടമായത്.
ബുധനാഴ്ച രാവിലെ 11 മണിയോടെ ആയിരുന്നു അപകടം. പാലിയോക്ലൈമറ്റോളജി പഠനത്തിനാണ് സുരഭിയും അവരുടെ പ്രൊഫസര്‍ യമ ദീക്ഷിതും ഗുജറാത്തിലെത്തിയത്.
ഗാന്ധിനഗര്‍ ഐ.ഐ.ടിയില്‍നിന്നുള്ള രണ്ട് ഗവേഷകരും ഇവര്‍ക്കൊപ്പം ചേര്‍ന്നു. നാലംഗസംഘവും ഡ്രൈവറുമാണ് ലോഥലില്‍ എത്തിയത്. തുടര്‍ന്ന് സാമ്പിള്‍ ശേഖരണത്തിന്റെ ഭാഗമായി കുഴിയെടുത്തു.
സുരഭിയും യമയും സാമ്പിള്‍ ശേഖരിക്കുന്നതിനിടെ കുഴി ഇടിഞ്ഞുതാഴുകയായിരുന്നു. ഇതോടെ ഇരുവരും മണ്ണിനടിയില്‍ പെടുകയായിരുന്നെന്ന് റൂറല്‍ അഹമ്മദാബാദ് എസ്.പി. ഓം പ്രകാശ് ജാട്ട് പറഞ്ഞു.
യമയെ രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും അവരുടെ നില ഗുരുതരമാണെന്നും പോലീസ് പറഞ്ഞു.
ഇവരെ വിദഗ്ധ ചികിത്സയ്ക്കായി ഗാന്ധിനഗറിലെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി. ഐ.ഐ.ടി. ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ അറ്റ്‌മോസ്ഫിയറിക് സയന്‍സസില്‍ അസി. പ്രൊഫസറാണ് യമ.
#pit #collapsed #collecting #sample #Tragicend #IIT #research #student