ഇരിട്ടി:(truevisionnews.com) പലചരക്ക് കടയുടെ മറവിൽ മദ്യവും നിരോധിത പുകയില ഉൽപന്നങ്ങളും വിറ്റ കടയുടമ അറസ്റ്റിൽ . മീത്തലെ പുന്നാട്ടെ കടയുടമ എം.പി. രതീഷാണ് റിമാൻഡിലായത് .ഇരിട്ടി എക്സൈസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്ത് റിമാൻഡ് ചെയ്തത് .
ഇയാളുടെ കടയിൽനിന്ന് നിരവധി തവണ മദ്യവും പുകയില ഉൽപന്നങ്ങളും വിൽക്കുന്നതായി പരാതിയുണ്ടായിരുന്നു. നിരവധി തവണ എക്സൈസ് പരിശോധന നടത്തുകയും ചെയ്തിരുന്നു.
കട അടപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എക്സൈസ് ഇരിട്ടി നഗരസഭക്ക് കത്ത് നൽകിയിരുന്നു. നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ സ്ഥാപനം തുറന്ന് പ്രവർത്തിക്കുന്നില്ലെന്നും അടച്ചിട്ട നിലയിലാണ് കാണുന്നതെന്നും റിപ്പോർട്ട് നൽകി.
സ്ഥാപനം തുറന്നു പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അടച്ചുപൂട്ടി സ്ഥാപന ഉടമക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എക്സൈസിനെ അറിയിച്ചിരുന്നു.
ഇതിനു പിന്നാലെ എക്സൈസ് നടത്തിയ പരിശോധനയിൽ സ്ഥാപനം തുറന്നു പ്രവർത്തിക്കുന്നത് കണ്ടെത്തുകയും പരസ്യമായി മദ്യവിൽപന ചെയ്യുന്നത് കൈയോടെ പിടികൂടുകയും ചെയ്തു.
ഇരിട്ടി എക്സൈസ് റേഞ്ച് ഓഫിസിലെ എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രജീഷ് കുന്നുമ്മലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ രണ്ടു കുപ്പി മദ്യം കടയിൽനിന്ന് പിടികൂടി. കടയിൽനിന്ന് ഒരാൾക്ക് ഗ്ലാസിൽ മദ്യം ഒഴിച്ചുകൊടുക്കുന്നതിനിടയിലാണ് രതീഷ് എക്സൈസിന്റെ പിടിയിലാകുന്നത്.
#Sale #liquor #under #cover #grocery #store #shop #owner #arrested