കോഴിക്കോട് : (truevisionnews.com) സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയായ അബ്ദുൽ റഹീമിന് ഇന്ന് നിർണായക ദിനം. മോചന ഉത്തരവ് സംബന്ധിച്ച് നിർണായക തീരുമാനം ഇന്ന് റിയാദ് കോടതിയിൽ നിന്നുണ്ടായേക്കും.
മോചന ഉത്തരവുണ്ടായാൽ ഒരു മാസത്തിനകം റഹീമിന് പുറത്തെത്താൻ കഴിയുമെന്നാണ് നിയമസഹായസമിതിയുടെ കണക്കുകൂട്ടൽ. അതേസമയം, പ്രോസിക്യൂഷൻ നിലപാടും ഇന്ന് നിർണായകമാണ്.
പബ്ലിക് റൈറ്റ്സ് പ്രകാരമുള്ള നിയമനടപടിക്രമങ്ങളുടെ വിധിയിൽ പ്രോസിക്യൂഷൻ നിലപാട് നിർണായകമാണ്. റഹീമിനെതിരായ കണ്ടെത്തലുകൾ, കുറ്റപത്രം, കേസിന്റെ ഗൗരവം എന്നിവ പരിഗണിച്ചാകും വിധി.
റഹീമിന്റെ ജയിൽ വാസം ഇതിനോടകം 18 വർഷം കഴിഞ്ഞതിനാൽ പബ്ലിക് റൈറ്റ്സ് പ്രകാരമുള്ള കണ്ടെത്തൽ എതിരായാലും അത് ശിക്ഷാ കാലയളവ് വല്ലാതെ നീളാൻ ഇടയാകില്ലെന്നാണ് പ്രതീക്ഷ.
ഇതോടൊപ്പം തന്നെ മോചന ഉത്തരവും ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോചന ഉത്തരവുണ്ടായാലും നിയമനടപടിക്രമങ്ങൾ ബാക്കിയുണ്ട്.
വിധിപ്പകർപ്പ് എംബസിയുൾപ്പെടെ ബന്ധപ്പെട്ട കക്ഷികൾക്കയച്ച് റഹീമിനെ ഡീപ്പോർട്ട് ചെയ്യുകയാണ് ചെയ്യുക.
ഇത് ഒരു മാസം വരെയെങ്കിലും എടുത്തേക്കാമെന്നാണ് കണക്കാക്കുന്നത്.
റഹീമിനൊപ്പം മറ്റൊരു കൂട്ടുപ്രതി ഉണ്ടായിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യം കോടതി ഉയർത്തിയാൽ അത് പ്രതിസന്ധിയാകുമോ എന്നൊരു സംശയം നിലനിൽക്കുന്നുണ്ട്.
എന്നാൽ കേസ് ഫയൽ രണ്ടും രണ്ടാക്കിയതിനാൽ ഇതിൽ പ്രതിസന്ധിയില്ലെന്നാണ് വിശദീകരണം.
റഹീമിനായി കോടതിയിൽ പവർ ഓഫ് അറ്റോണി കടതയിൽ സിദ്ദീഖ് തുവ്വൂരും, എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരിയും അഭിഭാഷകൻ ഒസാമ അംബറും ഹാജരാകും.
#Hopefully #Rahim #Today #criticalday # verdict #release #order #likely #today