നെയ്യാറ്റിന്‍കര: (truevisionnews.com) കെ.എസ്.ആര്‍.ടി.സി. ബസ് ഇടിച്ച, വിധവയായ വീട്ടമ്മയുടെ വലതുകൈയിലെ രക്തയോട്ടം നിലച്ച ഭാഗമത്രയും മുറിച്ചുനീക്കി.
പെരുങ്കടവിള, ആങ്കോട്, അശ്വതിയില്‍ പരേതനായ ശിവകുമാറിന്റെ ഭാര്യ അശ്വതി(44)യുടെ വലതുകൈയാണ് അപകടത്തെ തുടര്‍ന്ന് മുറിച്ചുനീക്കിയത്.
വലതുകൈ പൂര്‍ണമായും രക്തയോട്ടം നിലച്ച നിലയിലാണ്. ഇന്ന് വലതുകൈ പൂര്‍ണമായും മുറിച്ചുനീക്കും.
അപകടം നടന്നിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും വീട്ടമ്മയെ തിരിഞ്ഞുനോക്കാതെ കെ.എസ്.ആര്‍.ടി.സി. അധികൃതരുടെ അനാസ്ഥ തുടരുകയാണ്.
കഴിഞ്ഞ മാസം 24-ന് വൈകീട്ട് മൂന്നിന് നെയ്യാറ്റിന്‍കര ആലുംമൂട് കവലയില്‍വെച്ചായിരുന്നു അപകടം. നെയ്യാറ്റിന്‍കര ലോട്ടറി ഓഫീസിലെ താത്കാലിക ജീവനക്കാരിയാണ് അശ്വതി.
ഇവര്‍ കൈമനത്ത് വാടകവീട്ടിലാണ് താമസം. ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്കു മടങ്ങുമ്പോള്‍ നെയ്യാറ്റിന്‍കര ഡിപ്പോയില്‍നിന്ന് തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന ബസ് ഇടിച്ചായിരുന്നു അപകടം.
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വലതുകൈയിലെ രക്തയോട്ടം നിലച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
അപകടം നടന്ന് സമയം ഏറെക്കഴിഞ്ഞിട്ടാണ് അശ്വതിയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി. ബസിലെ ജീവനക്കാര്‍ തയ്യാറായിരുന്നില്ല.
സ്വകാര്യ ആശുപത്രിയില്‍വെച്ചാണ് അശ്വതിയുടെ വലതുകൈയിലെ രക്തയോട്ടം നിലച്ച ഭാഗമത്രയും മുറിച്ചുനീക്കിയത്. വിധവയായ അശ്വതിക്ക് എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ച് വഴിയാണ് ലോട്ടറി ഓഫീസില്‍ താത്കാലിക ജോലി ലഭിച്ചത്.
മകന്‍ പാപ്പനംകോട് എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥിയാണ്. മകന്റെ പഠനത്തിനാണ് കൈമനത്ത് വാടകവീടെടുത്തു താമസമാക്കിയത്.
സാമ്പത്തികമായി പിന്നാക്കാവസ്ഥയിലായ അശ്വതിയുടെ സ്വകാര്യ ആശുപത്രിയിലെ ചികിത്സച്ചെലവുപോലും താങ്ങാന്‍കഴിയാത്ത സാഹചര്യമാണ് വന്നിരിക്കുന്നത്.
വലതുകൈ പൂര്‍ണമായും മുറിച്ചുനീക്കുന്നതോടെ കൃത്രിമ െൈകവച്ചുപിടിപ്പിക്കാനും കഴിയില്ല. കൈ നഷ്ടമാകുന്നതോടെ താത്കാലിക ജോലിയും പോകുമോയെന്ന ആശങ്കയിലാണ് അശ്വതി.
നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തിട്ടും കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ അശ്വതിയുടെ ആരോഗ്യസ്ഥിതി ചോദിച്ചറിയാന്‍പോലും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ഇവരുടെ പരാതി.
#KSRTC #Bus #accident #widow #right #hand #amputated