(truevisionnews.com) രഞ്ജി ട്രോഫിയിൽ 6000 റൺസും , 400 വിക്കറ്റുകളും കരസ്ഥമാക്കിയ കേരള ടീം അംഗം ജലജ് സക്‌സേനയെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആദരിച്ചു.
തിരുവനന്തപുരം ഹയാത് റീജൻസിയിൽവച്ച് നടന്ന ചടങ്ങിൽ പത്ത് ലക്ഷം രൂപയും മെമന്റോയും കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍ന്റ് ജയേഷ് ജോർജ്ജും, സെക്രട്ടറി വിനോദ് എസ് കുമാറും ചേര്‍ന്ന് ജലജിന് സമ്മാനിച്ചു.
2016-17 സീസൺ മുതൽ കേരള ക്രിക്കറ്റ് അസോസിയേഷന്റെ അംഗമായിവരുകയും, കേരളത്തിന് വേണ്ടി അനവധി മത്സരങ്ങളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്ത താരമാണ് ജലജ് സക്സേന.
കേരള രഞ്ജി ടീം പരിശീലകന്‍ അമയ് ഖുറാസിയ, രഞ്ജി ടീം മാനേജര്‍ നാസര്‍ മച്ചാന്‍, കേരള ടീം അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു. രഞ്ജി ട്രോഫിയില്‍ മാത്രമായി 13 സെഞ്ച്വറിയും 30 അർദ്ധ സെഞ്ച്വറിയും ജലജ് നേടിയിട്ടുണ്ട്.
കൂടാതെ 30 തവണ അഞ്ച് വിക്കറ്റ് എന്ന നേട്ടവും സക്സേന സ്വന്തമാക്കിയിട്ടുണ്ട്. ബംഗാളുമായുള്ള കഴിഞ്ഞ മത്സരത്തിലും സക്സേന മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
ജലജ് സക്സേനയും സൽമാൻ നിസാറും ചേർന്ന 140 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് തോല്‍വിയില്‍ ഒതുങ്ങേണ്ടിയിരുന്ന കേരളത്തെ സമനിലയില്‍ എത്തിച്ചത്.
മധ്യപ്രദേശ് ക്രിക്കറ്റില്‍ 2005 ലാണ് ജലജിന്‍റെ കരിയര്‍ ആരംഭിക്കുന്നത്. രഞ്ജി ട്രോഫി ചരിത്രത്തിൽ 400 വിക്കറ്റ് തികയ്ക്കുന്ന 13-ാമത്തെ ബൗളറാണ് സക്‌സേന.
രഞ്ജി ട്രോഫിയിലെ വിക്കറ്റ് വേട്ടക്കാരുടെ നിരയില്‍ നിലവില്‍ പത്താം സ്ഥാനത്താണ് ജലജ് സക്സേന.
മുന്‍ ഇന്ത്യന്‍ ടീം സ്പിന്നര്‍ ബിഷന്‍ സിംഗ് ബേദിയെ പിന്തള്ളിയാണ് ജലജ് പത്താം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നത്.
#runs #wickets #RanjiTrophy #KCA #tribute #JalajSaxena