പനമരം ( വയനാട് ) : ( www.truevisionnews.com ) ‘ഞങ്ങൾക്കവൻ കൂടപ്പിറപ്പായിരുന്നു, അഞ്ചുകുന്ന് ഓട്ടോ സ്റ്റാൻഡിൽ ഓട്ടോയോടിയാണ് കുടുംബംപോറ്റിയത്. ഇങ്ങനെയൊരു മരണം സഹിക്കാനാവുന്നില്ല’ -രതിനെക്കുറിച്ച് പറയുമ്പോൾ സഹപ്രവർത്തകരായ ഓട്ടോഡ്രൈവർമാർക്ക് കണ്ണുനിറയുന്നു.
ചേര്യംകൊല്ലി പുഴയിൽച്ചാടി മരിച്ച അഞ്ചുകുന്ന് മാങ്കാണി ഊരിലെ ഓട്ടോ ഡ്രൈവർ രതിന് (24) വിടനൽകാൻ തിങ്കളാഴ്ച നാടൊന്നാകെ ഊരിലെത്തി.
ബന്ധുക്കളും സുഹൃത്തുക്കളും അഞ്ചുകുന്നിലെ ഓട്ടോഡ്രൈവർമാരും ചേർന്നാണ് രതിനെ കണ്ണീരോടെ യാത്രയാക്കിയത്. സംസ്കാരത്തിനുമുൻപ് മൃതദേഹം വീടിനുമുന്നിൽ പൊതുദർശനത്തിന് വെച്ചു.
അമ്മയും സഹോദരിയും രതിനെ അവസാനമായി കാണാനെത്തി, മോനെയെന്നുവിളിച്ചു കരഞ്ഞതോടെ കാണാനെത്തിയവരുടെയെല്ലാം കണ്ണുനിറഞ്ഞു. വിങ്ങിപ്പൊട്ടിയ സഹോദരി രമ്യക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അവസാനമായി ചിത്രീകരിച്ച വീഡിയോയിൽ രതിൻ വീടിനുമുൻപിൽത്തന്നെ തന്‍റെ ശരീരം അടക്കംചെയ്യണമെന്ന് അഭ്യർഥിച്ചിരുന്നെങ്കിലും സ്ഥലപരിമിതിയാൽ കുടുംബം നിസ്സഹായരായി. കുടുംബശ്മശാനവും വീട്ടിൽനിന്ന് 200 മീറ്റർ അകലെയാണ്. തുടർന്ന് രാവിലെ 11.30-ഓടെ വീടിനുസമീപത്തെ പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു.
ശനിയാഴ്ച അഞ്ചുമണിയോടെയാണ് രതിനെ കാണാതായത്. അന്വേഷണത്തിൽ ചേര്യംകൊല്ലി പുഴയ്ക്കുസമീപം ഓട്ടോ കണ്ടെത്തി.
അഞ്ചുകുന്ന് വെള്ളരിവയലിനുസമീപം പുഴയിൽനിന്ന് ഞായറാഴ്ച 11 മണിയോടെ പനമരം സി.എച്ച്. റെസ്ക്യു ടീമംഗങ്ങളാണ് മൃതദേഹം കണ്ടെടുത്തത്. പുഴയിൽ ചാടുന്നതിനുമുൻപ് മരിക്കാൻപോവുകയാണെന്ന സൂചന നൽകിക്കൊണ്ട് രതിൻ സഹോദരി രമ്യക്ക് വീഡിയോസന്ദേശം അയച്ചിരുന്നു.
പരിചയമുള്ള പെൺകുട്ടിയുമായി റോഡരികിൽ സംസാരിച്ചുനിൽക്കുന്നതിനിടെ നിരപരാധിയായ തന്നെ പോലീസ് പോക്സോ കേസിൽപ്പെടുത്തിയെന്ന് രതിൻ സഹോദരിക്കയച്ച വീഡിയോയിൽ പറയുന്നു. തന്റെപേരിൽ പോക്സോ കേസെടുത്തെന്ന് തെറ്റിദ്ധരിച്ചാണ് രതിൻ ആത്മഹത്യചെയ്യുന്നത്.
#wayanad #panamaram #poscocase #rathin #death