കോഴിക്കോട് : ( www.truevisionnews.com) മലയാളം ഭാഷയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്ക പങ്കുവെക്കുമ്പോൾ മലയാളം അല്ല മലയാളിയാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത് എന്ന് എഴുത്തുകാരി ജിൻഷ ഗംഗ അഭിപ്രായപ്പെട്ടു.
കേരളപ്പിറവി ദിനത്തിൽ ജില്ലാ ഭരണകൂടവും ജില്ലാ ഇൻഫർമേഷൻ ഓഫീസും സംയുക്തമായി സംഘടിപ്പിച്ച മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷ വാരാഘോഷത്തിന്റെയും ജില്ലാതല ഉദ്ഘാടനത്തിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അവർ.
നാട്ടിൻപുറങ്ങളിലും മറ്റും പ്രയോഗത്തിലുള്ള പല വാക്കുകളും ഇല്ലാതായി പോകുമോ എന്ന ആശങ്കയുണ്ടെന്ന് ജിൻഷ പറഞ്ഞു.
കഥ എഴുതുമ്പോൾ കഥയിൽ വരുന്ന ഒരു വാക്ക് എന്താണെന്നത് എന്നതിനെക്കുറിച്ച് നാളെ ആളുകൾ അന്വേഷിച്ചു പോകേണ്ടി വരുമോ എന്ന പേടിയുണ്ട്. സമകാലീന മലയാളം എഴുത്തുകാർ തന്നെ യുവതലമുറയുമായി ബന്ധപ്പെടാൻ ഇംഗ്ലീഷ് വ്യാപകമായി ഉപയോഗിക്കുന്ന പ്രവണതയുണ്ട്.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ഡെപ്യൂട്ടി കലക്ടർ കെ ഹിമ (ആർആർ) അധ്യക്ഷത വഹിച്ചു. എഡിഎം എൻ എം മെഹറലി ഉദ്ഘാടനം ചെയ്തു.
സർക്കാർ ഓഫീസുകളിൽ എത്തുന്ന ജനങ്ങളുടെ പലവിധ പ്രശ്നങ്ങളിൽ ഉദ്യോഗസ്ഥ തലത്തിൽ മലയാളത്തിൽ വേണം ഇടപെടേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജില്ലാതല ഭരണഭാഷാസേവന പുരസ്കാരത്തിന് ജില്ലാ മെഡിക്കൽ ഓഫീസിലെ (ഹോമിയോ) സീനിയർ ക്ലർക്ക് എസ് കണ്ണൻ അർഹനായി.
സബ്കലക്ടർ ഹർഷിൽ ആർ മീണ, അസി. കളക്ടർ ആയുഷ് ഗോയൽ എന്നിവർ വിശിഷ്ടാതിഥികളായി. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് റീജ്യനൽ ഡെപ്യൂട്ടി ഡയറക്ടർ കെ ടി ശേഖർ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഹോമിയോ ഡിഎംഒ ഡോ. കവിത പുരുഷോത്തമൻ, സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രേമരാജൻ പി എന്നിവർ സംസാരിച്ചു.
ഡെപ്യൂട്ടി കളക്ടർമാരായ ഇ അനിതകുമാരി, പി പി ശാലിനി, അഡീഷണൽ ഡിഎംഒ എ പി ദിനേശ് കുമാർ, സീനിയർ ഫിനാൻസ് ഓഫീസർ മനോജൻ കെ പി, കളക്ടറേറ്റിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി പി അബ്ദുൽ കരീം സ്വാഗതവും അസിസ്റ്റൻറ് എഡിറ്റർ സൗമ്യ ചന്ദ്രൻ നന്ദിയും പറഞ്ഞു.
#It #is #the #Malayali #not #the #Malayalam #that #is #disappearing #JinshaGanga