കണ്ണൂർ: (truevisionnews.com) എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ മുൻ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ റിമാന്‍ഡ് ചെയ്തു.
തളിപ്പറമ്പിലെ മജിസ്ട്രേറ്റിന്റെ വസതിയിലെത്തിച്ച ശേഷം കസ്റ്റഡിയിൽ വിടുകയായിരുന്നു. 14 ദിവസത്തേക്കാണ് പി പി ദിവ്യയെ റിമാൻഡ് ചെയ്തിരിക്കുന്നത്. ദിവ്യയെ ജില്ലാ വനിതാ ജയിലിലേക്ക് മാറ്റും.
കണ്ണൂർ ജില്ലാ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷമായിരുന്നു ദിവ്യയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. നാളെ ജാമ്യാപേക്ഷ സമർപ്പിച്ചേക്കുമെന്നാണ് സൂചന.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെ പൊലീസ് വാഹനത്തിന് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു.
മജിസ്ട്രേറ്റിന്റെ വസതിക്ക് മുന്നിൽ യൂത്ത് ലീഗ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുത്തിയിരിപ്പ് പ്രതിഷേധം നടത്തിയിരുന്നു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
മജിസ്ട്രേറ്റിന്റെ വസതിക്ക് മുന്നിൽ പാർട്ടി അഭിഭാഷകനായ കെ വിശ്വൻ ഉൾപ്പെടെയുള്ളവർ എത്തിയിരുന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രത്നകുമാരി വൈസ് പ്രസിഡന്‍റ് ബിനോയ് കുര്യൻ എന്നിവരടക്കം നിരവധി പാർട്ടി പ്രവർത്തകരും മജിസ്ട്രേറ്റിന്റെ വീടിന് മുന്നിൽ ഹാജരായിട്ടുണ്ട്.
സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് ബിനോയ് കുര്യൻ. പാർട്ടി പരസ്യമായി പി പി ദിവ്യയെ തള്ളുമ്പോഴും രഹസ്യമായി പി പി ദിവ്യക്ക് പിന്തുണ നൽകുന്ന നിലപാടാണ് പാർട്ടി സ്വീകരിക്കുന്നത്.
നടപടികൾ പുരോഗമിക്കുകയാണെന്നും മറ്റൊന്നും പറയാനില്ലെന്നുമായിരുന്നു നിയുക്ത കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരിയുടെ പ്രതികരണം.
രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലായിരുന്നു ക്രൈം ബ്രാഞ്ച് ഓഫീസിൽ നടന്നത്. ഇതിന് ശേഷമാണ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി എത്തിച്ചത്.
#PPDivya #remanded #woman #transferred #jail #Party #front #Magistrate #residence #support