തിരുവനന്തപുരം: (truevisionnews.com) ഇന്‍സ്റ്റഗ്രാം റീല്‍സ് എടുക്കാന്‍ അപകടകരമായ ബൈക്ക് അഭ്യാസം നടത്തിയ യുവാവിനും സുഹൃത്തിനുമെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.
റോഡിലൂടെ സഞ്ചരിച്ച മറ്റൊരു ഇരുചക്രവാഹനത്തെ ഇടിക്കാൻ പോകുന്ന രീതിയിൽ ബൈക്ക് ഓടിച്ചായിരുന്നു യുവാക്കളുടെ റീല്‍സ് എടുക്കൽ.
രണ്ട് മാസം മുമ്പ് ആറ്റിങ്ങള്‍ പൂവണത്തുംമൂട് ജംഗ്ഷനിലാണ് വിഡിയോ ചിത്രീകരിച്ചത്. ഡ്യൂക്ക് ബൈക്കില്‍ അമിത വേഗതയില്‍ ലൈന്‍ തെറ്റിച്ച് എതിരെ വരുന്ന വാഹനങ്ങളിലേക്ക് ഇടിക്കാന്‍ പോകുന്ന രീതിയിലായിരുന്നു ബൈക്ക് അഭ്യാസം.
സ്കൂട്ടറില്‍ വന്ന യാത്രക്കാരന്‍ മറിഞ്ഞുവീഴാന്‍ പോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തം.
മോട്ടോ ഫ്രാപിന്‍ എന്ന പേജിലാണ് ദൃശ്യങ്ങള്‍ പ്രചരിച്ചത്. തുടർന്ന് എംവിഡി ചിറയിന്‍കീഴ് എന്‍ഫോവ്സ്മെന്റ് സംഘം അന്വേഷണം തുടങ്ങി. പോത്തന്‍കോട് കോലിയക്കോട് സ്വദേശി നഫീസാണ് ബൈക്ക് ഉടമ. ഇയാളുടെ പേരിലാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടും.
അപകരമായ ബൈക്ക് ഓടിച്ച് ചിത്രീകരിച്ച നിരവധി വീഡിയോകള്‍ പേജിലുണ്ട്. എന്നാല്‍, സ്കൂട്ടര്‍ യാത്രക്കാരനെ ഇടിക്കാന്‍ പോകുന്ന ദൃശ്യം എടുത്ത സമയത്ത് ബൈക്ക് ഓടിച്ചത് ഇയാളുടെ സുഹൃത്ത് കോട്ടുകുന്നം സ്വദേശി കിരണ്‍ ആണെന്ന് കണ്ടെത്തി.
ഇതോടെ രണ്ടു പേരെയും എംവിഡി സംഘം പൊക്കി. ബൈക്ക് ഉടമ നഫീസിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനാണ് തീരുമാനം.
കിരണിന് ലൈസന്‍സ് ഇല്ലാത്തിനാല്‍ എല്ലാ വകുപ്പും ചേര്‍ത്ത് 10,000 രൂപ പിഴയിടുമെന്ന് തിരുവനന്തപുരം എന്‍ഫോവ്സ്മെന്റ് ആര്‍ടിഒ അറിയിച്ചു.
#Dangerous #bike #exercises #capture #Instagram #reel #MVD #action #youth #friend