ലഖ്‌നോ: (truevisionnews.com) ജീവിച്ചിരിക്കുന്ന ഭാര്യയുടെ ‘ശ്രാദ്ധം‘ നടത്തിയ ഭർത്താവിനെതിരെ പരാതി. യു.പിയിൽ തൽഗ്രാം പൊലീസ് സ്റ്റേഷൻ പരിധിയിലെ മാധവ് നഗറിലെ ഭവാനി സരായ് പ്രദേശത്താണ് സംഭവം.
മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നതിനായി ജീവിച്ചിരിക്കെ, തന്റെ മരണാനന്തര ചടങ്ങ് നടത്തിയ ഭർത്താവ് പവൻ പട്ടേലിനെതിരെ നടപടി ആവശ്യപ്പെട്ട് പൂജ എന്ന സ്ത്രീ കനൗജ് പൊലീസിലാണ് പരാതി നൽകിയത്.
അടുത്തിടെ പവൻ പട്ടേൽ തന്റെ ഭാര്യയുടെ മരണത്തെക്കുറിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയും മരണാനന്തര ചടങ്ങിനായി ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിക്കുകയും ചെയ്തു.
കാൺപൂർ സ്വദേശിയായ പൂജ 2009 ലാണ് പവൻ പട്ടേലിനെ വിവാഹം കഴിച്ചത്. വിവാഹത്തിൽ രണ്ടു കുട്ടികളുണ്ട്. കാലക്രമേണ ഭർത്താവിന്റെ സ്വഭാവത്തിൽ കാര്യമായ മാറ്റം വന്നതായി യുവതി പറഞ്ഞു.
രണ്ട് വർഷം മുമ്പ് ഇയാൾ മറ്റൊരു യുവതിയെ തങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവന്നതായി യുവതിയുടെ പരാതിയിൽ പറയുന്നു.
തുടർന്ന് യുവതി രണ്ട് കുട്ടികളുമായി കാൺപൂരിലെ മാതൃവീട്ടിലേക്ക് മടങ്ങി. മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടിയാണ് ഇയാൾ ഭാര്യയുടെ മരണാനന്തര ചടങ്ങ് നടത്തിയതെന്നാണ് പൊലീസ് റിപ്പോർട്ട്.
#Complaint #against #husband #who #performed '#shradham' #living #wife.