ന്യൂഡൽഹി: (truevisionnews.com)ഡൽഹിയിലെ നംഗ്ലോയിൽ യുവതിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി. ഡൽഹി സ്വദേശി സോണി(19) ആണ് മരിച്ചത്.
യുവതിയുടെ കാമുകൻ സലീം, ഒരു സുഹൃത്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സാമൂഹ്യമാധ്യമങ്ങളിൽ വളരെ സജീവമായിരുന്നു സോണിയെന്നാണ് പോലീസ് പറയുന്നത്. ഇൻസ്റ്റഗ്രാമിൽ 6000-ത്തിലധികം ഫോളോവേഴ്സുമുണ്ടായിരുന്നു.
പലപ്പോഴും, തന്റേയും കാമുകൻ സഞ്ജു എന്ന സലീമിന്റേയും ചിത്രങ്ങളും അവർ പങ്കുവെച്ചിരുന്നു.
ഏഴുമാസം ഗർഭിണിയായ സോണി സലീമിനോട് തന്നെ വിവാഹംകഴിക്കണമെന്ന് പറഞ്ഞ് നിർബന്ധിച്ചു. എന്നാൽ, വിവാഹത്തിന് താത്പര്യമില്ലാതിരുന്ന സലീം യുവതിയോട് ഗർഭഛിദ്രം ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
ഇതേച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച വീട്ടിൽനിന്ന് സാധനങ്ങളുമെടുത്ത് യുവതി സലീമിനെ കാണാൻ പോയിരുന്നു. തുടർന്ന്, സലീമും രണ്ട് സുഹൃത്തുക്കളും ചേർന്ന് സോണിയെ ഹരിയാണയിലെ റോഹ്തക്കിലേക്ക് കൊണ്ടുപോയി. ഇവിടെ വെച്ച് യുവതിയെ മൂവരും ചേർന്ന് കൊന്ന് കുഴിച്ചുമൂടുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സലീമിനേയും ഒരു സുഹൃത്തിനേയും പോലീസ് അറസ്റ്റ് ചെയ്തു.
മൂന്നാമൻ ഒളിവിലാണ്. ഇയാളെ കണ്ടെത്തുന്നതിന് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
#Forced #into #marriage #pregnant #19 #year #old #girl #killed #buried #boyfriend #friends