Oct 25, 2024 07:04 PM

എംഎല്‍എമാര്‍ക്ക് 100 കോടി കോഴ നല്‍കാന്‍ ശ്രമിച്ചെന്ന ആരോപണത്തിന് പിന്നാലെ തോമസ് കെ തോമസ് തനിക്കെതിരെ നടത്തിയ രൂക്ഷ പ്രതികരണത്തിന് മറുപടിയുമായി ആന്റണി രാജു.

തനിക്കെതിരെ തോമസ് കെ തോമസ് ഉന്നയിച്ച ആരോപണം അപക്വമാണെന്ന് ആന്റണി രാജു പറഞ്ഞു. തെറ്റായ കാര്യങ്ങള്‍ പറഞ്ഞ് ആന്റണി രാജു മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്നായിരുന്നു തോമസ് കെ തോമസിന്റെ വിമര്‍ശനം.

താന്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചാല്‍ അങ്ങനെ തെറ്റിദ്ധരിപ്പിക്കാന്‍ സാധിക്കുന്ന ആളല്ല മുഖ്യമന്ത്രിയെന്ന് ആന്റണി രാജു പറഞ്ഞു.

കുട്ടനാട് സീറ്റ് ലക്ഷ്യമിട്ടാണ് ആന്റണി രാജുവിന്റെ നീക്കമെന്ന തോമസ് കെ തോമസിന്റെ വിമര്‍ശനങ്ങളും അദ്ദേഹം പൂര്‍ണമായി തള്ളി. 

കോഴ വിവാദവുമായി ബന്ധപ്പെട്ട് തനിക്കറിയുന്ന എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടുണ്ടെന്ന് ആന്റണി രാജു പറഞ്ഞു.

ഒരേ മുന്നണിയായതിനാല്‍ തനിക്ക് ചില കാര്യങ്ങള്‍ പറയാന്‍ പരിമിതികളുണ്ടായിരുന്നു. തന്നെക്കുറിച്ച് തോമസ് കെ തോമസ് ഉന്നയിച്ച ആരോപണങ്ങള്‍ ബാലിശമാണ്.

താങ്കള്‍ക്ക് കോഴ ഓഫര്‍ ചെയ്തിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആന്റണി രാജു കൃത്യമായി മറുപടി നല്‍കിയില്ലെങ്കിലും കോഴ ആരോപണത്തെ ഒരു തരത്തിലും തള്ളാതെയായിരുന്നു ആന്റണി രാജുവിന്റെ പ്രതികരണം.



അതേസമയം കോഴ ആരോപണങ്ങളെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചിരിച്ചുതള്ളുകയാണ് തോമസ് കെ തോമസ് ചെയ്തത്. 100 കോടി നല്‍കി ഇവരെ വാങ്ങിച്ചാല്‍ എന്തിന് കൊള്ളാമെന്ന് തോമസ് പരിഹസിച്ചു. അജിത് പവാറിനെ താന്‍ ആകെ കണ്ടിട്ടുള്ളത് ദേശീയ എക്‌സിക്യൂട്ടീവ് മീറ്റിംഗിലാണ്. അജിത് പവാറിന് മഹാരാഷ്ട്ര മതി. കേരളത്തിലെ എംഎല്‍എമാരെ അജിത് പവാറിന് എന്തിനാണ്? ലോബിയില്‍ വച്ച് ഡീല്‍ സംസാരിച്ചുവെന്നാണ് ആരോപണം. ഈ 100 കോടിയുടെ കാര്യമൊക്കെ സംസാരിക്കുമ്പോള്‍ ലോബിയില്‍ വച്ച് സംസാരിക്കണോ 5000 രൂപ കൊടുത്ത് ഒരു റൂമെങ്കിലും എടുത്തുകൂടേയെന്ന് ചോദിച്ച് തോമസ് കെ തോമസ് പൊട്ടിച്ചിരിച്ചു.




#AntonyRaju #responded #ThomasKThomas #allegations

Next TV

Top Stories