കണ്ണൂർ: ( www.truevisionnews.com ) എഡിഎം കെ.നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്നും സ്വർണം പണയം വച്ചാണ് ആറാം തീയതി ക്വാർട്ടേഴ്സിലെത്തി പണം കൈമാറിയതെന്നും ടി.വി.പ്രശാന്ത് പൊലീസിനു മൊഴി നൽകി.
തന്റെ പമ്പിന് എതിർപ്പില്ലാ രേഖ നൽകാൻ എഡിഎം കൈക്കൂലി വാങ്ങിയെന്നായിരുന്നു പരിയാരം ഗവ. മെഡിക്കൽ കോളജിലെ ഇലക്ട്രീഷ്യനായ പ്രശാന്തിന്റെ പരാതി.
നവീന്റെ യാത്രയയപ്പ് യോഗത്തിൽ ഇതിന്റെ പേരിൽ, കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യ പരസ്യവിമർശനം നടത്തിയതിനു പിന്നാലെ താമസസ്ഥലത്തേക്കു മടങ്ങിയ നവീൻ ബാബു ജീവനൊടുക്കുകയായിരുന്നു.
ഇക്കാര്യങ്ങൾ അന്വേഷിക്കുന്ന ടൗൺ സിഐയ്ക്കാണ്, കൈക്കൂലി നൽകിയതായി പ്രശാന്ത് മൊഴി നൽകിയത്. സ്വർണം പണയം വച്ചാണ് പണം നൽകിയതെന്ന് പറഞ്ഞ പ്രശാന്ത്, രേഖകളും ഹാജരാക്കിയതായി സൂചനയുണ്ട്. പി.പി.ദിവ്യയുടെ മൊഴി രേഖപ്പെടുത്തിയില്ല.
പ്രശാന്തിന്റെ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ചും ആരോപണങ്ങൾ ഉയരുന്നുണ്ട്. ഇലക്ട്രീഷ്യനായ പ്രശാന്തിന് ഒരു കോടിയിലേറെ രൂപമുതൽമുടക്ക് ആവശ്യമായ പെട്രോൾ പമ്പ് തുടങ്ങാനുള്ള പണം എവിടെ നിന്നാണെന്നാണ് ചോദ്യം. ആരോഗ്യവകുപ്പ് പ്രശാന്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
#Naveenbabu #took #bribe #handed #over #gold #pledged #money #which #arrived #quarters #6th #Prashanthan #statement