കോഴിക്കോട്: ( www.truevisionnews.com ) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനിക്ക് രോഗമുക്തി. കഴിഞ്ഞ മാസം 30നാണ് അതിഗുരുതരാവസ്ഥയിൽ 33 കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പനി, ഛർദി, ശക്തിയായ തലവേദന, അപസ്മാരം തുടങ്ങിയവയായിരുന്നു ലക്ഷണങ്ങൾ. സാധാരണ, കുളത്തിലോ സ്വിമ്മിങ് പൂളിലോ കുളിക്കുമ്പോൾ അമീബ മൂക്കിലൂടെ തലച്ചോറിൽ പ്രവേശിച്ചാണ് രോഗം പിടിപെടാറുള്ളത്.
എന്നാൽ ഇവർ കുളത്തിലോ സ്വിമ്മിങ് പൂളിലോ കുളിക്കാൻ പോയിട്ടില്ല. ചെളിമണ്ണിലും ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളത്തിലും കാണുന്ന അക്കാന്തമീബ ഇനത്തിൽ പെട്ട രോഗാണുവാണ് യുവതിയുടെ ശരീരത്തിൽ പ്രവേശിച്ചത്.
കേരളത്തിൽ നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ നിന്ന് വ്യത്യസ്തമായതാണ് യുവതിക്ക് പിടിപെട്ട അമീബിക് മസ്തിഷ്ക ജ്വരമെന്ന് ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ. പി.ജയേഷ് കുമാർ പറഞ്ഞു.
രോഗം ബാധിക്കാൻ വെള്ളത്തിൽ മുങ്ങിക്കുളിക്കണമെന്നില്ല എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ശരിയായി അണുവിമുക്തമാക്കാത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുമ്പോഴും അമീബ മൂക്കിലൂടെ തലച്ചോറിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്.
അബോധാവസ്ഥയിലായ യുവതിയെ സമയബന്ധിതമായ ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനായതെന്നും അദ്ദേഹം പറഞ്ഞു. ഡോ. പി.ജയേഷ് കുമാറിന്‍റെ മേൽനോട്ടത്തിൽ യൂണിറ്റ് മേധാവി ഡോ. എൻ.വി.ജയചന്ദ്രൻ, ഡോ. ആർ. ഗായത്രി, ഡോ. ഇ. ഡാനിഷ് എന്നിവരാണ് ചികിത്സിച്ചത്.
97 ശതമാനം മരണ സാധ്യതയുള്ള രോഗമാണ് അമീബിക് മസ്തിഷ്ക ജ്വരം. ഈ വർഷം കേരളത്തിൽ ഒട്ടേറെ പേർക്ക് അമീബ് മഷ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. 3 കുട്ടികൾ രോഗം ബാധിച്ച് മരിച്ചിരുന്നു.
#Amoebic #encephalitis #33 #year #old #woman #who #was #undergoing #treatment #Kozhikode #Medical #College #has #recovered