കൊച്ചി: (truevisionnews.com) ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ നടൻ നിവിൻ പോളിക്കും നിർമ്മതാവിനും ഉൾപ്പെടെ ആറ് പേർക്കെതിരെ ലൈംഗികാരോപണങ്ങളുമായി രംഗത്തെത്തിയ യുവതിയുമായി തനിക്ക് ബന്ധമില്ലെന്നും നിവിൻ പോളിയുമായി ഒരു ശത്രുതയുമില്ലെന്നും ഇപ്പോൾ കൊച്ചി കേന്ദ്രീകരിച്ച് സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന എക്സിക്യുട്ടീവ് പ്രൊഡ്യൂസറും നിർമ്മാതാവുമായ കണ്ണൂർ സ്വദേശി ആനന്ദ് പയ്യന്നൂർ ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു.
തനിക്കെതിരായ ലൈംഗികാരോപണത്തിനു പിന്നിൽ ഗൂഢാലോചന സംശയിച്ച് നടൻ നിവിൻ പോളി നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അനന്ദ് പയ്യന്നൂരിനെ ചോദ്യം ചെയ്തിരുന്നു.
ഇക്കാര്യം റിപ്പോർട്ട് ചെയ്ത ട്രൂവിഷൻ വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് തവണയായി മൊഴിയെടുക്കാൻ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം തന്നെ വിളിപ്പിച്ചിരുന്നു.
അന്വേഷണവുമായി താൻ സഹകരിക്കുന്നുണ്ട്. സിനിമകളിൽ ഒന്നിച്ചു പ്രവർത്തിച്ച നിവിൻ പോളിയുമായി തനിക്ക് അടുത്ത ബന്ധമാണെന്നും ആനന്ദ് വ്യക്തമാക്കി. നിവിൻ പോളിയെ നായകനാക്കി ആനന്ദ് പയ്യന്നൂരും വിനോദ് ഷൊർണ്ണൂരും നിർമ്മാണം നിർവ്വഹിച്ച തമിഴ് ചലച്ചിത്രമായ റിച്ചി സാമ്പത്തിക നഷ്ടം സംഭവിച്ചിരുന്നു.
"നടൻ നിവിനും നിർമ്മാണത്തിൻ്റെ തൻ്റെ കൂടെ പങ്കാളിയായിരുന്നു. നായക നടനായ നിവിൻ ഇതിൻ്റെ ഭാഗമായി പണം വാങ്ങാതെയാണ് അഭിനിയിച്ചത് " ആനന്ദ് കൂട്ടി ചേർത്തു.
നിവിൻ പോളി നായകനായി ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്ത് 2017 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് റിച്ചി. ഉളിദവരുകണ്ടന്തേ എന്ന കന്നഡ സിനിയുടെ റീമേക്കായ സിനിമയ്ക്ക് നിവിൻ ആദ്യമായി തമിഴ് ചലച്ചിത്രത്തിൽ നായക വേഷം ചെയ്യുന്നു എന്ന പ്രത്യേകത ഉണ്ടായിരുന്നു.
എന്നാൽ പ്രേക്ഷക പ്രതീക്ഷയ്ക്ക് ഒപ്പം ഉയരാൻ കഴിയാതെ പോയ സിനിമ തമിഴ്നാട്ടിലും കേരളത്തിലും തണുത്ത പ്രതികരണമാണ് ഉണ്ടാക്കിയത്.
റിച്ചി സിനിമ വരുത്തിയ സാമ്പത്തിക ബാധ്യതയിൽ പരിഹരിക്കാൻ തൻ്റെ തുടർന്നുള്ള ചില പ്രൊജക്റ്റുകളുമായി ആനന്ദ് നിവിൻ പോളി സമീപിച്ചിരുന്നതായും പലവിധ കാരണങ്ങളാൽ നിവിൻ ഇതിൽ നിന്ന് പിൻ മാറി , ഇത് ഇവർക്കിടയിൽ ശത്രുത ഉണ്ടാക്കിയെന്നും ഇതിലുള്ള പ്രതികാരം ലൈംഗിക ആരോപണത്തിന് പിന്നിലുണ്ടോയെന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷണം സംഘം പരിശോധിക്കുന്നത്.
സിനിമയിൽ നിന്നുള്ളവർ തന്നെയാണ് ലൈംഗിക ആരോപണ ഗൂഢാലോചനയ്ക്ക് പിന്നിലെന്ന നടൻ്റെ സംശയവും പൊലീസ് ഗൗരവത്തിൽ എടുത്തിട്ടുണ്ട്. സിനിമയിൽ അഭിനയിക്കാനുള്ള മോഹവും ഓൺലൈനിൽ സിനിമ പ്രെമോഷൻ ജോലികൾ ചെയ്യുന്ന കോതമംഗലം സ്വദേശിനിയായ യുവതിയുടെ നമ്പർ തനാണ് ഇപ്പോൾ നിവിനൊപ്പം കേസിൽ പ്രതിയായ നിർമ്മാതാവിന് നൽകിയതെന്നും ആനന്ദ് പയ്യന്നൂർ പറഞ്ഞു.
നാലഞ്ച് പേരുടെ നമ്പർ നൽകിയതിനൊപ്പമാണ് ഇപ്പോൾ ലൈംഗിക പീഡന പരാതി ഉന്നയിച്ച കോതമംഗലം സ്വദേശിനിയുടെ നമ്പറും നൽകിയത്. ഇതല്ലാതെ ഒരു ബന്ധവും തനിക്ക് ഈ കേസുമായി ഇല്ലെന്നും ആനന്ദ് ആവർത്തിച്ചു.
സിനിമയിൽ അവസരം വാഗ്ദാനംചെയ്ത് ദുബായിൽ ഹോട്ടൽമുറിയിൽവെച്ച് നടനും ഒരു നിർമ്മാതാവും ഉൾപ്പെടെ ആറ് പേർ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു ഏവരേയും ഞെട്ടിച്ച ആരോപണം.
ദുബായിൽ ശ്രേയ എന്ന യുവതിയാണ് നടനും സംഘത്തിനും തന്നെ പരിചയപ്പെടുത്തിയതെന്നും ദുബായിലെ ഹോട്ടലിൽ 2023 ഡിസംബർ 14, 15 തിയതികളിലാണ് ലൈംഗിക അതിക്രമം ഉണ്ടായതെന്നുമായിരുന്നു യുവതിയുടെ പരാതി.
എറണാകുളം ഊന്നുകല്ല് പൊലീസാണ് ശ്രേയയെ ഒന്നാം പ്രതിയാക്കി നടനും നിർമ്മാതാവും ഉൾപ്പെടെ ആറ് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. എന്നാൽ ആരോപണം ഉയർന്ന അന്നുതന്നെ ഇക്കാര്യം നിഷേധിച്ച നിവിൻ പരാതിക്കാരിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നറിയിച്ചിരുന്നു.
കേസിൽ മുൻകൂർ ജാമ്യം എടുക്കാൻ പോലും നിവിൻ തയ്യാറായില്ല. പരാതിക്കാരിയുടെ വാദങ്ങൾ തെറ്റാണെന്ന് പറഞ്ഞ് തെളിവുമായി വിനീത് ശ്രീനിവാസൻ, നടി പാർവതി കൃഷ്ണ, ഭഗത് മാനുവൽ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. ഇതിനിടെ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തലവൻ ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി എച്ച്.വെങ്കടേഷിൻ്റെ ഓഫീസിൽ നേ രിട്ട് എത്തി നിവിൻ തൻ്റെ പരാതി കൈമാറിയിരുന്നു.
തനിക്കെതിരായ പീഡന പരാതി ചതിയാണെന്നാണ് അദ്ദേഹം പരാതിയിൽ പറയുന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ട് താൻ നിരപരാധിയാണെന്നും പരാതിയിലുണ്ട്. ഒന്നാം പ്രതി ശ്രേയയെ കുറിച്ച് ഒരു വിവരവും പൊലീസിന് പരാതിക്കാരി നൽകിയിട്ടില്ല.
ഒപ്പം ദുബായിൽ പീഡനം നടന്നുവെന്ന് പരാതിയിൽ പറഞ്ഞ ദിവസങ്ങളിൽ നടനും നിർമ്മാതാവും ഉൾപ്പെടെ കേരളത്തിൽ തന്നെ ഉണ്ടെന്ന തെളിവ് പുറത്ത് വന്നതോടെ പരാതിക്കാരി മലക്കം മറിഞ്ഞിരുന്നു. തിയ്യതി മാറിയതാണെന്നും ഇതിന് കാരണം അന്ന് മൊഴി നൽകുമ്പോൾ ഉറക്കപ്പിച്ചിലെന്നാണ് അന്വേഷണ സംഘത്തിന് മുന്നിൽ യുവതി മൊഴി മാറ്റി നൽകിയിരിക്കുന്നത്.
യുവതി ആരോപണം ഉന്നയിച്ചിരിക്കുന്ന തിയ്യതികളിൽ നിവിൻ പോളി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമയുടെ ലൊക്കേഷനിലായിരുന്നുവെന്നതിന്റെ തെളിവുകൾ പുറത്ത് വന്നിരുന്നു. അതിനിടെ ഡിജിറ്റൽ തെളിവുകളടക്കം നിരത്തി വിനീതിന് പിന്നാലെ നടിയും അവതാരകയുമായ പാർവതി ആർ കൃഷ്ണയും രംഗത്തെത്തിയിട്ടുണ്ട്.
ബലാത്സംഗം നടന്നുവെന്നു പറയുന്ന കൊച്ചിയിലെ ഷൂട്ടിംങ് സെറ്റിൽ നിവിനോടൊപ്പം നിൽക്കുന്ന ചിത്രമടക്കം പങ്കുവച്ചാണ് പാർവതി നടന് പിന്തുണയറിച്ചത്. അന്നേ ദിവസം ഷൂട്ട് ചെയ്ത ഒരു വീഡിയോയും യുവനടി ഇതിനോടൊപ്പം പുറത്തുവിട്ടു.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്കു ശേഷം സിനിമയിൽ പാർവതിയും വേഷമിട്ടിരുന്നു. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം പുലർച്ചെ വരെ നിവിന്‍ തന്റെ കൂടെയായിരുന്നുവെന്നും പരാതി വ്യാജമെന്നും സംവിധായകൻ വിനീത് ശ്രീനിവാസനും വ്യക്തമാക്കിയിരുന്നു.
#relation #complainant #No #enmity #NivinPauly #Producer #AnandPayyannoor