അമ്പലത്തറ(കാസർകോട്): (truevisionnews.com) ബീനയുടെ കൊലപാതക വാർത്ത കേട്ടാണ് ഇന്നലെ രാവിലെ പാറപ്പള്ളി കണ്ണോത്തിനടുത്ത കക്കാട്ട് ഗ്രാമമുണർന്നത് .
നല്ല സ്നേഹത്തോടെ കഴിഞ്ഞവരായിരുന്നു ദാമോദരനും ഭാര്യ ബീനയും. നാട്ടുകാർക്കെല്ലാം കുടുംബത്തെക്കുറിച്ച് നല്ല അഭിപ്രായമായിരുന്നു.
രാവിലെ ആറോടെയാണ് ബീന കൊല്ലപ്പെട്ട വിവരം പുറംലോകമറിയുന്നത്. തല ഭിത്തിയിലിടിച്ച് കൊലപ്പെടുത്തിയത് ദാമോദരൻ തന്നെയാണ് ബന്ധുക്കളെയടക്കം അറിയിച്ചത്.
ശനിയാഴ്ചയും നല്ല സന്തോഷത്തോടെയാണ് ഇരുവരുമുണ്ടായിരുന്നതെന്നും ഉച്ചയ്ക്ക് സമീപത്തെ വീട്ടിലെ കല്യാണ സത്കാരത്തിൽ പങ്കെടുത്ത് ഒരുമിച്ച് തിരിച്ചുപോകുന്നത് കണ്ടിരുന്നതായും പുല്ലൂർ-പെരിയ ഗ്രാമപ്പഞ്ചായത്തംഗം പി.രജനി പറയുന്നു.
ഇതിനിടെ അയൽവാസിയായ അംബുജാക്ഷിയുടെ വീട്ടിലെത്തി സുഖവിവരങ്ങളും ദാമോദരനും ബീനയും തിരക്കിയിരുന്നു. പറയത്തക്ക പ്രശ്നങ്ങളൊന്നും കുടുംബത്തിലുള്ളതായി അറിയില്ലെന്നും അയൽവാസികളും പറയുന്നു.
എന്നിട്ടും ദാമോദരൻ ഭാര്യയോട് ഈ കൊടുംക്രൂരത ചെയ്തതെന്തിനെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. മികച്ച കുടുംബശ്രീ പ്രവർത്തകയായിരുന്ന ബീന ഒരുവർഷം മുൻപ് വരെ ഹരിതകർമസേനാംഗമായി പ്രവർത്തിച്ചിരുന്നു.
പിന്നീട് അമ്മയ്ക്ക് സുഖമില്ലാതായതോടെ അവരുടെ ചികിത്സയ്ക്കായി അത് നിർത്തി. നിലവിൽ മൂന്നാംമൈലിലെ ചകിരിക്കമ്പനിയിലെ തൊഴിലാളിയാണ്.
പാറപ്പള്ളി കണ്ണോത്ത് ഭജന മന്ദിരത്തിന് സമീപത്തെ എം.ടി.ബീനയെയാണ് (40) ഞായറാഴ്ച പുലർച്ചെയോടെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബീനയെ താൻ കൊലപ്പെടുത്തിയതായി ദാമോദരൻ ബന്ധുക്കളെ അറിയിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെ ആറരയോടെ അമ്പലത്തറ ടൗണിൽനിന്നാണ് ദാമോദരനെ കസ്റ്റഡിയിലെടുത്തത്.
താൻ പോലീസ് സ്റ്റേഷനിലേക്ക് വരികയായിരുന്നുവെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. കുടുംബകലഹമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
മൂന്നാംമൈലിലെ ചകിരിക്കമ്പനിയിലെ തൊഴിലാളിയാണ് ബീന. പരേതനായ രാമന്റെയും ചിറ്റയുടെയും മകളാണ്. മകൻ: വിശാൽ. സഹോദരി: പുഷ്പ. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒൻപതിന് മടിക്കൈ എരിക്കുളം കുരങ്ങിനടിയിലെ ബീനയുടെ വീട്ടുവളപ്പിൽ.
#who #passed #away #with #good #love #people #could #not #believe #news #Bina's #murder