തൃക്കരിപ്പൂർ (കാസർകോട്): ( www.truevisionnews.com ) വരനെയോ വധുവിനെയോ അന്വേഷിച്ച് നാടുചുറ്റേണ്ട. ഇടനിലക്കാരെയോ സ്വകാര്യ മാട്രിമോണി സൈറ്റുകളെയോ ആശ്രയിക്കുകയും വേണ്ടാ.
വിരൽത്തുമ്പിൽ നിങ്ങളുടെ പങ്കാളിയെ കണ്ടെത്താം. അക്ഷയ കേന്ദ്രങ്ങൾ വഴി കാസർകോട് ജില്ലാപഞ്ചായത്ത് നടപ്പാക്കുന്ന ’അക്ഷയ മാട്രിമോണി’യിലൂടെ ആശങ്കയില്ലാതെ പങ്കാളിയെ കണ്ടെത്താം.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവതീയുവാക്കളെ സഹായിക്കാനാണ് ജില്ലാപഞ്ചായത്തിന്റെ സഹായത്തോടെ അക്ഷയ ’അക്ഷയ മാട്രിമോണിയൽ’ പോർട്ടൽ തുടങ്ങുന്നത്.
പദ്ധതിയുടെ വിശദ പദ്ധതിരേഖ ജില്ലാപഞ്ചായത്തിന്റെ പരിഗണനയിലാണ്. ഒരുവർഷത്തേക്ക് 15 ലക്ഷം രൂപയാണ് അടങ്കൽ തുക പ്രതീക്ഷിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ കാസർകോട്ട് നടപ്പാക്കുന്ന പദ്ധതി ഭാവിയിൽ മറ്റ് ജില്ലകൾക്കും ഉപയോഗിക്കാവുന്ന തരത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്.
പ്രൊഫൈൽ തയ്യാറാക്കാം
വിവരശേഖരണം നടത്താൻ ആവശ്യമായ തുക മാത്രമാണ് രജിസ്ട്രേഷൻ ഫീസായി വാങ്ങുക. സ്ത്രീകൾക്കും പുരുഷന്മാർക്കും അവരവരുടെ വിവരങ്ങളടങ്ങിയ പ്രൊഫൈൽ തയ്യാറാക്കി പോർട്ടലിലിടാം. രജിസ്ട്രേഷൻ സമയത്ത് ഓരോരാൾക്കും ഐ.ഡി.യും പാസ്‌വേഡും ലഭിക്കും. പിന്നീട് ഈ ഐ.ഡി.യും പാസ്‌വേഡും ഉപയോഗിച്ച് മൊബൈൽ ഫോണിലോ അല്ലെങ്കിൽ അക്ഷയ കേന്ദ്രത്തിൽ നേരിട്ടെത്തിയോ ഇഷ്ടപ്പെട്ട പ്രൊഫൈലിന് ’ഇൻട്രസ്റ്റ് ’ കൊടുക്കാം.
പെണ്ണ് കിട്ടാത്തവർക്ക് ക്യാമ്പ്
ദിവസവേതനാടിസ്ഥാനത്തിൽ ജോലിചെയ്യുന്നവർക്കും വിദ്യാഭ്യാസ യോഗ്യത കുറഞ്ഞവർക്കും പെൺകുട്ടികളെ കിട്ടാത്ത പ്രശ്നത്തിന് പരിഹാരമായി രണ്ടാംഘട്ടത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കും.
കാസർകോട് ജില്ലയിലേക്ക് കർണാടകയിൽനിന്നും കൂർഗിൽനിന്നും ബ്രോക്കർമാരുടെ സഹായത്തോടെ സ്ത്രീകളെ കല്യാണം കഴിച്ചു കൊണ്ടുവരുന്നുണ്ട്.
അവിടത്തെ ജനപ്രതിനിധികളോടും തദ്ദേശസ്ഥാപനങ്ങളോടും സഹകരിച്ച് കല്യാണപ്രായമായ ആൾക്കാരെ ഉൾപ്പെടുത്തിയാണ് ക്യാമ്പ് സംഘടിപ്പിക്കുക. ക്യാമ്പിൽ സൗജന്യ രജിസ്ട്രേഷൻ നൽകി കല്യാണം ആലോചിക്കാനുള്ള സൗകര്യമൊരുക്കും.
സ്വകാര്യത ഉറപ്പാക്കും
സാധാരണക്കാരായ യുവതീയുവാക്കൾ നേരിടുന്ന ഒരു പ്രധാന പ്രശ്നത്തിന് പരിഹാരമാകും അക്ഷയ മാട്രിമോണി. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് വരന്റെയും വധുവിന്റെയും വ്യക്തിതാത്‌പര്യങ്ങൾ വിലയിരുത്തി, സ്വകാര്യതകൂടി കണക്കിലെടുത്തേ പ്രൊഫൈൽ തമ്മിൽ ബന്ധിപ്പിക്കുകയുള്ളൂ.-കപിൽദേവ് (ഡിസ്ട്രിക്ട് പ്രോജക്ട് മാനേജർ, അക്ഷയ)
ചുരുങ്ങിയ ചെലവിൽ വധൂവരന്മാരെ കണ്ടെത്താം
സംസ്ഥാനത്തെതന്നെ ആദ്യത്തെ സർക്കാർ മാട്രിമോണി സംവിധാനമാകും ‘അക്ഷയ മാട്രിമോണി’. സാധാരണക്കാർക്ക് ചുരുങ്ങിയ ചെലവിൽ വധൂവരന്മാരെ കണ്ടെത്താൻ പദ്ധതി സഹായകമാകും.
വിവാഹപൂർവ കൗൺസലിങ്, വിവാഹത്തിനുള്ള സഹായധനം, കല്യാണസദ്യ, ഇവന്റ് മാനേജ്മെന്റ് എന്നീ സേവനങ്ങൾ കുടുംബശ്രീ, സാമൂഹികസുരക്ഷാ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ഇതുവഴി നടപ്പാക്കാനും ഉദ്ദേശ്യമുണ്ട്. -ബേബി ബാലകൃഷ്ണൻ (ജില്ലാപഞ്ചായത്ത് പ്രസിഡന്റ്)
#Camp #those #who #can't #get #girl #Kasaragod #District #Panchayat #with #Akshaya #Matrimony #marriage