ബെംഗളൂരു: ( www.truevisionnews.com )ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന്റെ ലോറിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹത്തിന്റെ പ്രാഥമിക ഡിഎൻഎ പരിശോധനാ ഫലം അരമണിക്കൂറിനകം പുറത്തു വരും.
ഫലം 99 ശതമാനവും അർജുന്റേതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫലം നെഗറ്റീവ് ആണ് കാണിക്കുന്നതെങ്കിൽ ഒരു അഡ്വാൻസ്ഡ് ടെസ്റ്റ് കൂടി നടത്തും.
ആ ഫലം വൈകിട്ട് 5.30-യ്ക്ക് ലഭിക്കും. ഡിഎൻഎ ഫലം വന്നാൽ മറ്റ് നടപടിക്രമങ്ങൾക്ക് 2 മണിക്കൂർ സമയമെടുക്കും. പിന്നീടായിരിക്കും കേരളത്തിലേക്കുള്ള യാത്ര തുടങ്ങുക.
അതേസമയം, അങ്കോള പൊലീസ് സ്റ്റേഷനിലെ മാൻ മിസ്സിംഗ് കേസ് അവസാനിപ്പിക്കും. കർണാടക പൊലീസിലെ സിഐ റാങ്കിൽ ഉള്ള ഉദ്യോഗസ്ഥനാണ് ആംബുലൻസിന്റെ സുരക്ഷാ ചുമതല നൽകിയിരിക്കുന്നത്.
കാർവാർ എംഎൽഎ സതീഷ് സെയിൽ ആംബുലൻസിനെ അനുഗമിക്കും. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അനുമതി കിട്ടിയാൽ കാർവാർ എസ്പി എം നാരായണ കൂടി മൃതദേഹത്തെ അനുഗമിക്കും.
മൃതദേഹവുമായുള്ള കേരളത്തിലേക്കുള്ള യാത്രക്കായി ആംബുലൻസും മൊബൈൽ ഫ്രീസറും അടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാണെന്നും ജില്ലാ ഭരണകൂടം എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കിയെന്നും എകെഎം അഷ്‌റഫ് എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു.
അർജുന്‍റെ സഹോദരൻ അഭിജിത്തിന്‍റെ ഡിഎൻഎ സാംപിളാണ് ശേഖരിച്ച് താരതമ്യത്തിനായി തയ്യാറാക്കിയത്. അർജുന്‍റെ തുടയെല്ലും നെഞ്ചിന്‍റെ ഭാഗത്തുള്ള വാരിയെല്ലിന്‍റെ ഒരു ഭാഗവുമാണ് അയച്ചിട്ടുള്ളത്. രണ്ട് ഡിഎൻഎയും ഒത്തുപോകുന്നുവെന്ന് വാക്കാൽ വിവരം ലഭിച്ചാൽത്തന്നെ മൃതദേഹത്തിന്‍റെ അവശേഷിപ്പുകൾ ബന്ധുക്കൾക്ക് വിട്ട് നൽകാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം.
ലോറി ഉടമയായ മനാഫും സംഘവും ഇന്നലെ രാത്രി നാട്ടിലേക്ക് തിരിച്ചിരുന്നു. അർജുന്‍റെ സഹോദരീഭർത്താവ് ജിതിനും സഹോദരൻ അഭിജിത്തും ആംബുലൻസിൽ മൃതദേഹത്തെ അനുഗമിക്കും.
ജില്ലാ ഭരണകൂടം സജ്ജീകരിച്ച ആംബുലൻസിന്‍റെ എല്ലാ ചെലവും കേരള സർക്കാർ വഹിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. കർണാടക പൊലീസിന്‍റെ സുരക്ഷയോടെയാണ് മൃതദേഹം കോഴിക്കോട് കണ്ണാടിക്കലേക്ക് കൊണ്ടുപോകുക.
അർജുന് അന്ത്യയാത്ര നൽകാനുള്ള ഒരുക്കത്തിലാണ് നാട്. വീടിൻ്റെ ചാരത്ത് തന്നെയാണ് അർജുന് വേണ്ടി നിത്യനിദ്രയ്ക്ക് ചിതയൊരുങ്ങുന്നത്. ജൂലൈ 16 നാണ് അർജുനെ കാണാതായത്.
അന്ന് രാവിലെ 8.45 നാണ് ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്. ജൂലൈ 19നായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് ആ വാർത്ത റിപ്പോർട്ട് ചെയ്തത്. പിന്നീട് 72 ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് അർജുനെ കണ്ടെത്താനായത്.
#DNA #results #within #half #hour #All #arrangements #are #ready #MLA #SatishSale #will #accompany #ambulance