കോട്ടയം: (truevisionnews.com) ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട നടനും എം.എല്‍.എയുമായ മുകേഷ് സ്ഥാനമൊഴിയേണ്ടെന്ന നിലപാട് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍.
ആരോപണത്തിന്റെ പേരില്‍ മാറിനിന്നാല്‍, മൂന്നുമാസം കഴിഞ്ഞ് കേസില്ലെന്ന് പോലീസ് പറഞ്ഞാല്‍ അദ്ദേഹത്തിന്റെ സ്ഥാനത്തിന് എന്തുസംഭവിക്കുമെന്ന് തരൂര്‍ ചോദിച്ചു.
മുകേഷ് രാജിവെക്കണമെന്ന ആവശ്യം ശക്തമായി കോണ്‍ഗ്രസ് ഉന്നയിച്ചപ്പോഴും തരൂരിന്റേത് ഭിന്നനിലപാടായിരുന്നു. പോലീസ് അവരുടെ ജോലിചെയ്തു. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ രാജിവെക്കേണ്ട ആവശ്യമില്ല.
ഇത് പാര്‍ട്ടിയുടെ നയമല്ല, തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. 'എം.എല്‍.എ. സ്ഥാനം ജനപ്രതിനിധിയുടേതാണ്. ജനങ്ങള്‍ തിരഞ്ഞെടുത്തു, ഇപ്പോള്‍ ഒരു അറസ്റ്റുണ്ടായിട്ടുണ്ട്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ കഥ വേറയാണ്.
വെറും ആരോപണത്തില്‍ ജനപ്രതിനിധി മാറിനിന്നാല്‍, അഥവാ മൂന്നുമാസം കഴിഞ്ഞ് ഞങ്ങള്‍ക്ക് കേസില്ലെന്ന് പോലീസ് പറഞ്ഞാല്‍ അദ്ദേഹത്തിന്റെ സ്ഥാനത്തിന് എന്ത് പറ്റും? ജനങ്ങള്‍ക്ക് ചില അവകാശങ്ങളുണ്ടല്ലോ പ്രതിനിധിയെ തിരഞ്ഞെടുക്കാന്‍. അത്രയേയുള്ളൂ.
ആര് തെറ്റുചെയ്താലും നീതി അതിന്റെ വഴിക്ക് നടപ്പിലാകണം എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍', ശശി തരൂര്‍ വ്യക്തമാക്കി.
ഏതൊരാള്‍ക്കും നിരപരാധിത്വം തെളിയിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു മുകേഷിനെതിരെ ആരോപണമുയര്‍ന്ന ഘട്ടത്തില്‍ ശശി തരൂരിന്റെ നിലപാട്. ആദ്യം കുറ്റവാളിയാണോ നിരപരാധിയാണോ എന്ന് തെളിയട്ടെ.
ബാക്കി ചര്‍ച്ചകള്‍ എന്നിട്ടു പോരേ. ഒരാള്‍ക്കെതിരേ ഒന്നിലധികം പീഡനപരാതികള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ഗൗരവത്തോടെ അന്വേഷിക്കേണ്ടതുണ്ടെന്നും അന്ന് അദ്ദേഹം പ്രതികരിച്ചു.
ലൈംഗികാതിക്രമ കേസിൽ മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് നടനും എം.എല്‍.എയുമായ എം. മുകേഷിനെ പ്രത്യേക അന്വേഷണ സംഘം ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്.
അഡീഷണല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാല്‍ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 10.15-ഓടെ ആരംഭിച്ച ചോദ്യംചെയ്യല്‍ 1.15-വരെ നീണ്ടു. രണ്ടുകേസുകളിലാണ് മുകേഷിനെ ചോദ്യംചെയ്തത്.
#Mukesh #resign #arrest #sexualassaultcase #Tharoor #reiterated #position