കോട്ടയം: ( www.truevisionnews.com ) ട്രെയിൻ യാത്രക്കിടെ തിരുവനന്തപുരം സ്വദേശിനിയുടെ ഒന്നരലക്ഷം രൂപ വിലവരുന്ന ആപ്പിൾ ഐഫോൺ മോഷ്ടിച്ചയാൾ പിടിയിൽ.
കണ്ണൂർ പടിഞ്ഞാറേ മുറിയിൽ മുകേഷിനെയാണ് (29) മൊബൈൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെ കോട്ടയം റെയിൽവേ പൊലീസ് പിടികൂടിയത്. ഞായറാഴ്ച പുലർച്ച പുണെ-കന്യാകുമാരി എക്സ്പ്രസിൽ യാത്രചെയ്തിരുന്ന യുവതിയുടെ മൊബൈലും 3,500 രൂപയുമാണ് ഇയാൾ മോഷ്ടിച്ചത്.
പൂനെയിൽ നിന്നും കന്യാകുമാരിക്ക് വന്ന ട്രെയിനിൽ സ്ലീപ്പര്‍ സീറ്റിൽ ഉറങ്ങുകയായിരുന്നു തിരുവനന്തപുരം സ്വദേശിയായ യുവതി. ഈ സമയം പ്രതി മുകേഷും അതേ ബോഗിയിലുണ്ടായിരുന്നു.
യുവതി ഉറങ്ങുന്ന തക്കം നോക്കിയാണ് ഇയാൾ മോഷണം നടത്തിയത്. യുവതിയുടെ ബാഗിൽ നിന്ന് വിദഗ്ദമായി ഒന്നര ലക്ഷം രൂപയുടെ ഐ ഫോണും 3500 രൂപയുമാണ് ഇയാൾ മോഷ്ടിച്ചത്.
ഈ സമയം ബോഗിയിലെ മറ്റുള്ളവരും ഉറക്കത്തിലായത് ഇയാൾക്ക് സഹായമായി. പിന്നീട് ചങ്ങനാശ്ശേരിയിൽ വെച്ച് ഉറക്കം എഴുന്നേറ്റ യുവതി ബാഗ് പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി തിരിച്ചറിയുന്നത്.
സ്വദേശമായ തിരുവനന്തപുരത്ത് എത്തിയ യുവതി റെയിൽവേ പൊലീസിൽ പരാതി നൽകി. പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെയാണ് കോട്ടയം നഗരത്തിലെ ഷോപ്പിൽ മൊബൈൽ വിൽക്കാൻ ശ്രമിക്കുന്ന ഇയാളെ എസ്.എച്ച്.ഒ റെജി പി. ജോസഫിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
കോട്ടയം പള്ളിക്കത്തോട്, ഏറ്റുമാനൂർ, ഗാന്ധിനഗർ, കണ്ണൂർ ആലക്കോട് പൊലീസ് സറ്റേഷനുകളിലും എറണാകുളം റെയിൽവേ പൊലീസിലും ഇയാൾക്കെതിരെ കേസുകളുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
#Sleeping #woman's #iPhone #Rs3500 #stolen #during #train #journey #youth #arrested