കോഴിക്കോട്:(truevisionnews.com) ബാങ്ക് ഓഫ് മഹാരാഷ്ട്ര പണയ സ്വർണ തട്ടിപ്പ് കേസിൽ നഷ്ടപ്പെട്ട ഒന്നേമുക്കാൽ കിലോ സ്വർണം കൂടി പോലീസ് കണ്ടെടുത്തു.
വടകര സിഐ എൻ.സുനിൽകുമാറിന്റെ നേതൃത്വത്തിൽ തമിഴ്‌നാട് തിരുപ്പൂർ ഭാഗത്തെ കാത്തോലിക് സിറിയൻ ബാങ്കിന്റെ (സിഎസ്ബി) നാലു ശാഖകളിൽ നിന്നാണ് പണയ സ്വർണം കണ്ടെടുത്തത്.
സിഎസ്ബി തിരുപ്പൂർ മെയിൻ ബ്രാഞ്ച്, കാങ്കയം ബ്രാഞ്ച്, കാങ്കയം റോഡ് ബ്രാഞ്ച്, പി എൻ റോഡ് ബ്രാഞ്ച് എന്നിവിടങ്ങളിൽ നിന്നാണ് പണയ സ്വർണം വീണ്ടെടുത്തത്.
ഈ കേസിലെ പ്രതി മഹാരാഷ്ട്ര ബാങ്ക് വടകര ശാഖ മാനേജരായിരുന്ന മധ ജയകുമാർ ഇയാളുടെ സുഹൃത്തുക്കളായ ബിനാമികളുടെ പേരിലാണ് സിഎസ്ബിയിൽ തട്ടിപ്പ് സ്വർണം പണയപ്പെടുത്തിയത്. ഇതിലൂടെ ലഭിച്ച പണം പ്രതിയുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് എത്തിയത്.
ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിൽ നിന്നു നഷ്ടപ്പെട്ട 26.244 കിലോഗ്രാം സ്വർണത്തിൽ 5 കിലോ 300 ഗ്രാം നേരത്തെ വിദേശ ബാങ്കായ ഡെവലപ്പ്മെന്റ് ബാങ്ക് ഓഫ് സിംഗപ്പൂരിന്റെ രണ്ടു ബ്രാഞ്ചുകളിൽ നിന്നായി പോലീസ് റിക്കവറി നടത്തി കോടതിയിൽ ഹാജരാക്കിയിരുന്നു.
പ്രതി മധ ജയകുമാർ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്. പ്രതിക്ക് തിരുപ്പൂരിൽ സ്വർണം പണയം വെക്കാൻ സഹായം നൽകിയ കാർത്തിക് എന്നയാളെ കണ്ടെത്താൻ ഇതേവരെ കഴിഞ്ഞിട്ടില്ല.
ഇയാൾ മുൻകൂർ ജാമ്യത്തിനായി കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കാർത്തികിനെ പിടികൂടിയാൽ മാത്രമേ മധ ജയകുമാറിനെ ഇനി പോലീസ് കസ്റ്റഡിയിൽ വാങ്ങുകയുള്ളൂ.
ബാക്കിയുള്ള സ്വർണം കൂടി കണ്ടെത്തണമെങ്കിൽ ഇരുവരെയും ഒന്നിച്ച് തെളിവെടുപ്പിന് എത്തിക്കണം. കാർത്തികിനെ കണ്ടെത്താനും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
കോഴിക്കോട് റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ജി.ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
സ്വർണം വീണ്ടെടുക്കാൻ തിരുപ്പൂരിൽ പോയ സംഘത്തിൽ എസ് ഐമാരായ ബിജു വിജയൻ, മനോജുമാർ, എഎസ്‌ഐ രാജേഷ് എന്നിവരും ഉണ്ടായിരുന്നു.
കണ്ടെടുത്ത സ്വർണ്ണം ഇന്ന് (വ്യാഴം) വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
#Vadakara #Bank #of #Maharashtra #gold #scam #police #also #recovered #one #and #half #kilos #gold