ആലപ്പുഴ: ( www.truevisionnews.com ) കടവന്ത്രയിൽ നിന്നും കാണാതായ സുഭദ്രയുടെതെന്ന് സംശയിക്കുന്ന മൃതദേഹം മക്കൾ തിരിച്ചറിഞ്ഞു.
കോര്‍ത്തുശ്ശേരിയില്‍ വീട്ടുവളപ്പില്‍നിന്ന് കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയ മൃതദേഹം കൊച്ചി കടവന്ത്രയില്‍നിന്ന് കാണാതായസുഭദ്ര(73)യുടേതുതന്നെയാണെന്നാണ് മക്കൾ തിരിച്ചറിഞ്ഞത്.
എന്നാൽ ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ സ്ഥിതീകരിക്കാൻ ആവുകയുള്ളൂ എന്ന് പൊലീസ് പറഞ്ഞു.
ഓഗസ്റ്റ് നാലാം തീയതി മുതല്‍ കടവന്ത്രയില്‍നിന്ന് കാണാതായ സുഭദ്രയെ കൊലപ്പെടുത്തിയശേഷം കോര്‍ത്തുശ്ശേരിയിലെ വീട്ടുവളപ്പില്‍ കുഴിച്ചിട്ടെന്നാണ് നിഗമനം.
മാത്യൂസ്-ശര്‍മിള ദമ്പതിമാര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. കുഴിയില്‍നിന്ന് രൂക്ഷമായ ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ മൃതദേഹത്തിന് മൂന്നാഴ്ചയോളം പഴക്കമുണ്ടെന്നാണ് നിഗമനം. സ്ഥലത്ത് പോലീസിന്റെ പരിശോധന തുടരുകയാണ്.
ദമ്പതിമാരുമായി സുഭദ്രയ്ക്ക് നേരത്തെ പരിചയമുണ്ടായിരുന്നതായാണ് സൂചന. ഇടയ്ക്കിടെ ഇവര്‍ ദമ്പതിമാരുടെ വീട്ടില്‍ വന്നിരുന്നതായും സൂചനയുണ്ട്. ദൂരെയുള്ള ക്ഷേത്രങ്ങളിലേക്ക് സുഭദ്ര ഇവര്‍ക്കൊപ്പം യാത്ര നടത്തിയിരുന്നു. ഇതിനിടെ ദമ്പതിമാര്‍ സുഭദ്രയുടെ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയത് ഇവര്‍ തമ്മിലുള്ള അകല്‍ച്ചയ്ക്ക് കാരണമായി.
തുടര്‍ന്ന് വീണ്ടും ഇവര്‍ സൗഹൃദത്തിലായെന്നും ഇതിനിടെ വീണ്ടും സ്വര്‍ണം കൈക്കലാക്കിയ ശേഷമാണ് കൊലപാതകം നടത്തിയതെന്നുമാണ് സൂചന. ശര്‍മിളയും മാത്യൂസും നേരത്തെ കൊച്ചിയില്‍ ലോഡ്ജ് നടത്തിയിരുന്നതായാണ് വിവരം. ഇവിടെവെച്ചാണ് സുഭദ്രയുമായി പരിചയത്തിലാകുന്നത്.
കഴിഞ്ഞമാസം നാലാംതീയതി മുതല്‍ സുഭദ്രയെ കാണാനില്ലെന്ന് മകനാണ് കൊച്ചി പോലീസില്‍ പരാതി നല്‍കിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ സുഭദ്ര അവസാനമെത്തിയത് ആലപ്പുഴ മണ്ണഞ്ചേരി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണെന്ന് കണ്ടെത്തി.
തുടര്‍ന്ന് പോലീസ് സംഘം നടത്തിയ വിശദമായ അന്വേഷണത്തിലാണ് മാത്യൂസ്-ശര്‍മിള ദമ്പതിമാരുടെ വീട്ടിലേക്കാണ് സുഭദ്ര എത്തിയതെന്ന് വ്യക്തമായത്. സുഭദ്ര ഇവിടേക്ക് വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമീപത്തെ വീട്ടില്‍നിന്ന് ലഭിച്ചിരുന്നു.
എന്നാല്‍, ഇവര്‍ തിരികെപോകുന്നത് സിസിടിവിയില്‍ കണ്ടില്ല. മാത്യൂസിനെയും ശര്‍മിളയെയും ദിവസങ്ങളായി കാണാനില്ലെന്നും വ്യക്തമായതോടെ സംശയം ബലപ്പെട്ടു. തുടര്‍ന്ന് മൃതദേഹങ്ങള്‍ മണത്ത് കണ്ടെത്തുന്ന പോലീസ് നായയെ എത്തിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കുഴിച്ചിട്ടസ്ഥലം കണ്ടെത്തിയത്.
നേരത്തെ മാത്യൂസിന്റെ വീട്ടില്‍ കുഴിയെടുപ്പിച്ചിരുന്നതായി ഒരു കൂലിപ്പണിക്കാരന്‍ മൊഴി നല്‍കിയതും നിര്‍ണായകമായി. മാലിന്യം നിക്ഷേപിക്കാനെന്ന പേരിലാണ് മാത്യൂസ് കുഴിയെടുപ്പിച്ചതെന്നാണ് ഇയാള്‍ പറഞ്ഞത്.
#subhadra #body #fine #Was #73 #year #old #killed #gold #children #identified #body