ആലപ്പുഴ : ( www.truevisionnews.com ) ചേർത്തലയിലെ നവജാത ശിശുവിനെ കൊന്നത് അമ്മയുടെ ആണ്‍ സുഹൃത്ത് രതീഷാണെന്ന് പൊലീസ്. ക്രൂര കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്.
ഭർത്താവ് എന്ന വ്യാജേന ആശുപത്രിയിൽ കൂട്ടിരിപ്പുകാരനായി നിന്നു. കുഞ്ഞിനെ വീട്ടിൽ എത്തിച്ച് ശ്വാസം മുട്ടിച്ച് കൊന്നു . അമ്മയും കുഞ്ഞും ആശുപത്രി വിട്ടത് 31 നായിരുന്നു. ആശുപത്രി വിട്ടതോടെ ആശ കുഞ്ഞിനെ ബിഗ്ഷോപ്പറിലാക്കി രതീഷിന് കൈമാറി.
രാത്രി ഏറെ വൈകിയാണ് ഇരുവരും പിരിഞ്ഞത് . അന്ന് തന്നെ വീട്ടിലെത്തി കൊലനടത്തി. കുഞ്ഞിനെ അനാഥാലയത്തിൽ നൽകുമെന്ന് രതീഷ് പറഞ്ഞതായാണ് ആശയുടെ മൊഴി.
കുഞ്ഞ് രതീശിന്റേതാണ് എന്ന് ഭർത്താവിനോട് പറഞ്ഞതോടെ കുഞ്ഞില്ലാതെ വന്നാൽ മതിയെന്ന് ആശയുടെ ഭർത്താവ് പറഞ്ഞുവെന്നും മൊഴിയുണ്ട്.
ഓഗസ്റ്റ് 26-നു ജനിച്ച കുഞ്ഞിനെ 31-ന് ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം തിങ്കളാഴ്ച വൈകുന്നേരം ആറോടെ രതീഷിന്റെ വീട്ടിനുള്ളിലെ ശൗചാലയത്തിൽനിന്ന് കണ്ടെടുത്തു. ആദ്യം ഇയാളുടെ വീട്ടുവളപ്പിൽ കുഴിച്ചിടുകയായിരുന്നു.
സംഭവം പുറത്തറിഞ്ഞതോടെ തിങ്കളാഴ്ച ഉച്ചയോടെ പുറത്തെടുത്ത് ശൗചാലയത്തിൽ കത്തിക്കാൻ രതീഷ് ശ്രമിച്ചെങ്കിലും നടന്നില്ല. അറസ്റ്റിലായ ഇരുവരും വിവാഹിതരാണ്.
ആശയ്ക്കു രണ്ടു മക്കളും രതീഷിന് ഒരു കുട്ടിയുമുണ്ട്. കല്ലറ മുണ്ടാർ സ്വദേശിനിയായ ആശയുടെ ഭർത്താവ് പല്ലുവേലി സ്വദേശിയാണ്. ആശയുടെ അകന്ന ബന്ധുവാണ് രതീഷ്.
ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കുഞ്ഞു ജനിച്ചത്. 25-നാണ് സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 26-ന് ശസ്ത്രക്രിയയിലൂടെ ആൺകുഞ്ഞിനു ജന്മം നൽകി. ഇവിടെ മനോജ് എന്ന പേരു നൽകി രതീഷാണ് കൂടെ നിന്നത്.
31-നു രാവിലെ വിടുതൽ ചെയ്തു. അപ്പോൾ കുട്ടി ആരോഗ്യവാനായിരുന്നു. രാത്രി എട്ടരയ്ക്കാണ് പള്ളിപ്പുറത്തുവെച്ച് ഇരുവരും പിരിഞ്ഞത്. ബിഗ്ഷോപ്പറിലാണ് കുട്ടിയെ രതീഷ് കൊണ്ടുപോയത്. അതുവരെ ജീവനുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഭർത്തൃവീട്ടിലായിരുന്ന ആശ എട്ടാംമാസം മുതൽ ആരോഗ്യ പ്രവർത്തകരുടെയും ആശമാരുടെയും നിരീക്ഷണത്തിലായിരുന്നു. എന്നാൽ, ഗർഭിണിയാണെന്ന് ദമ്പതിമാർ സമ്മതിച്ചിരുന്നില്ല. പ്രസവിച്ചതറിഞ്ഞ് കുട്ടിയെ അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തായത്.
കുട്ടിയെ വളർത്താൻ ശേഷിയില്ലാത്തതിനാൽ വേറെ ദമ്പതിമാർക്കു നൽകിയെന്നാണ് ആദ്യം പറഞ്ഞത്. ഒറ്റപ്പുന്നയിൽ പൂക്കടനടത്തുകയായിരുന്നു രതീഷ്.
സംശയമുയർന്നതോടെ ആശ പ്രവർത്തകർ ഗ്രാമപ്പഞ്ചായത്തു ഭാരവാഹികളെ അറിയിച്ചു. അവർ പോലീസിൽ അറിയിക്കുകയായിരുന്നു. ആശയുടെ ഫോണിൽനിന്ന് പോലീസ് രതീഷിനെ വീട്ടിലേക്കു വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്.
ചേർത്തല ഡിവൈ.എസ്.പി. കെ.വി. ബെന്നി, ഇൻസ്പെക്ടർ ജി. അരുൺ, എസ്.ഐ. കെ.പി. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. കുഞ്ഞിന്റെ മൃതദ്ദേഹം ചൊവ്വാഴ്ച ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. കുഞ്ഞിന് 3.200 കിലോഗ്രാംതൂക്കമുണ്ട്.
#suffocated #baby #covered #up #taken #out #tried #burn #it #brutal #crime #committed #mother #male #friend