ചേർത്തല: (truevisionnews.com) ചേർത്തലയിൽ ഗൃഹനാഥനെ കുത്തി വീഴ്ത്തിയ ശേഷം വീട്ടമ്മയുടെ മാല കവർന്നു . ചിറയിൽ സണ്ണിയെയാണ് (65) ഞായറാഴ്ച പുലർച്ച മൂന്നോടെ മോഷ്ടാക്കൾ കുത്തിയത് .
പുലർച്ച വീട്ടിലെ കോളിങ് ബെൽകേട്ട് പുറത്തിറങ്ങിയ സണ്ണിയുടെ നെഞ്ചിനും തോളിനും കുത്തി പരിക്കേൽപിക്കുകയായിരുന്നു. സണ്ണി വീടിനോട് ചേർന്ന പലചരക്ക് കട നടത്തുന്നുണ്ട്.
പുലർച്ച സാധനം വാങ്ങാൻ കടയിലെത്തിയ അത്യാവശ്യക്കാർ ആണെന്ന് കരുതിയാണ് വാതിൽ തുറന്നത്. വാതിൽ തുറന്നതും മുഖംമൂടി ധരിച്ച് ഒരാൾ അകത്തേക്ക് കടന്ന് സണ്ണിയുടെ കൈയിൽ കുത്തുകയായിരുന്നു.
കരച്ചിൽ കേട്ട് ഓടിയെത്തിയ ഭാര്യ ഏലിയാമ്മ അക്രമം തടഞ്ഞു. മൽപിടിത്തത്തിനിടെ ഏലിയാമ്മയുടെ രണ്ടേമുക്കാൽ പവന്റെ മാല പൊട്ടിച്ചെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കത്തിയും രക്തം പുരണ്ട വസ്ത്രങ്ങളും വീടിന്റെ മുൻവശവും അകത്തുമായി കിടപ്പുണ്ട്. ഏലിയാമ്മ അറിയിച്ചതനുസരിച്ച് ചേർത്തല പൊലീസ് എത്തിയാണ് ഇരുവരെയും ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.
പിന്നീട് തുടർചികിത്സക്കായി എറണാകുളത്തെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റി. ആക്രമണം നടക്കുമ്പോൾ വീട്ടിൽ മറ്റാരും ഇല്ലായിരുന്നു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും മറ്റും സ്ഥലത്തെത്തി പരിശോധന നടത്തി.
ചേർത്തല ഡിവൈ.എസ്.പി ബെന്നി, സി.ഐ കെ.എസ്. ജയൻ, എസ്. ഐ അനിൽകുമാർ, ജെ.സണ്ണി, സ്പെഷൽ ബ്രാഞ്ച് എസ് .ഐ രാജൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
#After #stabbing #householder #remains #housewife #stole #necklace.