കോട്ടയം: (truevisionnews.com) വ്യക്തിവൈരാഗ്യം തീര്‍ക്കാനെത്തിയ യുവാവിന്റെ അടിയേറ്റ് പാദുവ മറ്റക്കര നെല്ലിക്കുന്ന് തെക്കേക്കുന്നേല്‍ രതീഷ് മാധവന് (40) മരിച്ചു.
ശനിയാഴ്ച രാത്രി പത്തരയോടെ പാദുവയിലായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മറ്റക്കര ആനിക്കുന്നേല്‍ ശ്രീജിത്തിനെ (27) പള്ളിക്കത്തോട് പോലീസ് കസ്റ്റഡിയിലെടുത്തു.
രതീഷിന്റെ അയല്‍വാസി കഴിഞ്ഞദിവസം വൈകീട്ട് മരിച്ചു. ആ വീട്ടിലേയ്ക്ക് രതീഷ് പോകുമെന്ന് തീര്‍ച്ചപ്പെടുത്തിയ ശ്രീജിത്ത്, പ്രതികാരം വീട്ടാന്‍ രതീഷിന്റെ വീടിന് സമീപം പതുങ്ങിയിരുന്നു.
പ്രതീക്ഷിച്ചതുപോലെ രതീഷ് മരണവീട്ടില്‍ പോയി. രാത്രി 10.30-ന് തിരികേ സ്വന്തം പുരയിടത്തിലേയ്ക്ക് കയറുന്നതിനിടെ പതിയിരുന്ന് അക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പരിക്കേറ്റ് രതീഷ് വീണ് കിടക്കുന്ന വിവരം രാത്രി വൈകിയാണ് നാട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്ന് പള്ളിക്കത്തോട് പോലീസിനെ അറിയിച്ചു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി., പള്ളിക്കത്തോട് എസ്.എച്ച്.ഒ. കെ.പി. തോംസണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം രാത്രി തന്നെ പ്രതിയെ കസ്റ്റഡിയില്‍ എടുത്തു.
രതീഷിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്കാരം തിങ്കളാഴ്ച രണ്ടിന് വീട്ടുവളപ്പില്‍.
#young #man #returning #from #death #house #ambushed #killed #Accused #custody