---
title: "#crime | മുൻ ഭർത്താവ് വീടിന് തീവെച്ചു;  യുവതിയും പിഞ്ചു കുഞ്ഞുങ്ങളും വെന്തുമരിച്ചു"
english_title: "#exhusband #set #house #fire #young #woman #her #young #children #burned #death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/230447/exhusband-set-house-fire-young-woman-her-young-children-burned-death"
published_at: "2024-08-23T10:54:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c81d41b939a_death.jpg"
keywords: []
---

# #crime | മുൻ ഭർത്താവ് വീടിന് തീവെച്ചു;  യുവതിയും പിഞ്ചു കുഞ്ഞുങ്ങളും വെന്തുമരിച്ചു

> **Lead Summary:** നോർത്തേൺ ഇംഗ്ലണ്ടിലെ ബ്രാഡ്ഫോർഡിൽ വീടിന് തീപിടിച്ച് യുവതിയും പിഞ്ചു കുഞ്ഞുങ്ങളും വെന്തുമരിച്ച സംഭവത്തിൽ മുൻ ഭർത്താവ് പിടിയിൽ.

## Article Content

നോർത്തേൺ ഇംഗ്ലണ്ടിലെ ബ്രാഡ്ഫോർഡിൽ വീടിന് തീപിടിച്ച് യുവതിയും പിഞ്ചു കുഞ്ഞുങ്ങളും വെന്തുമരിച്ച സംഭവത്തിൽ മുൻ ഭർത്താവ് പിടിയിൽ.

ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ബ്രയോണി ഗയിത് (29), ഇവരുടെ മക്കളായ ഡെനിസ്റ്റി (9), ഓസ്കാർ (5), ഓബ്രീ (2) എന്നിവരാണ് കൊല്ലപ്പെട്ടത്.

ബ്രയോണി സംഭവസ്ഥലത്തുവെച്ചും മക്കൾ ഗുരുതര പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയുമാണ് മരിച്ചത്. സംഭവം നടന്ന രാത്രി മുൻ ഭർത്താവ് ബ്രയോണിയുടെ വീട്ടിൽ എത്തിയിരുന്നുവെന്ന് അയൽക്കാർ പൊലീസിനോട് പറഞ്ഞു.

ഇരുവരും തമ്മിൽ വാക്കേറ്റം നടന്നിരുന്നതായും അവർ വെളിപ്പെടുത്തി. ഇയാൾ വീടിന് തീവെച്ചതായാണ് പൊലീസ് സംശയിക്കുന്നത്. 39കാരനായ പ്രതിയെ വീടിനു സമീപത്തുനിന്ന് ഗുരുതര പരിക്കുകളോടെയാണ് അറസ്റ്റു ചെയ്തത്.

ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ താൻ ഏറെ അസ്വസ്ഥനും അതീവ ദുഃഖിതനുമാണെന്ന് കുട്ടികളുടെ പിതാവ് ജൊനാതൻ പ്രസ്താവനയിൽ അറിയിച്ചു.

ഒറ്റ രാത്രികൊണ്ട് തന്‍റെ മനോഹര ജീവിതം ഇല്ലാതായെന്നും ജൊനാതൻ പറഞ്ഞു. അതേസമയം കേസിൽ വിശദമായ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

പ്രതിയെ ചോദ്യം ചെയ്താൽ മാത്രമേ കുറ്റകൃത്യത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്നും പൊലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/230447/exhusband-set-house-fire-young-woman-her-young-children-burned-death)