കോഴിക്കോട് : (truevisionnews.com) പ്രകൃതിവിഭവങ്ങളെ പരിമിതമായ തോതിൽ പ്രയോജനപ്പെടുത്തുക എന്ന വികസന സങ്കൽപത്തിലേക്ക് നാം മാറേണ്ടതുണ്ടെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ.
78-ാമത് സ്വാതന്ത്ര്യ ദിനത്തിൽ കോഴിക്കോട് വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ ദേശീയപതാക ഉയർത്തിയശേഷം സ്വതന്ത്രദിന സന്ദേശം നൽകി സംസാരിക്കുകയായിരുന്നു മന്ത്രി.
"കേരളത്തിൽ എന്തുകൊണ്ട് ദുരന്തങ്ങൾ സംഭവിക്കുന്നു എന്ന് ആഴത്തിൽ പഠിച്ച് നിർദ്ദേശങ്ങൾ രൂപീകരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
നാടിന്റെ വികസനത്തിനായി പ്രകൃതിയെ മുഴുവനായും ചൂഷണം ചെയ്യുക എന്നത് അശാസ്ത്രീയമാണ്. ഇത് തിരുത്തി പ്രകൃതിവിഭവങ്ങളെ പരിമിതമായ തോതിൽ പ്രയോജനപ്പെടുത്തുക എന്ന വികസന സങ്കൽപത്തിലേക്ക് നാം മാറേണ്ടതുണ്ട്.
വികസന കാര്യങ്ങളിലും ഭൂവിനിയോഗ കാര്യങ്ങളിലും ഇതുവരെ ശീലിച്ചതിൽ തിരുത്തൽ വരുത്തി പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിൽ ഒരു പുനർവായന അനിവാര്യമായ സാഹചര്യമാണ് ഇന്നുള്ളത്," മന്ത്രി അഭിപ്രായപ്പെട്ടു.
കേരളം ഒന്നാണ് എന്ന കാഴ്ചയാണ് നാം വയനാട്ടിലും വിലങ്ങാടും കണ്ടതെന്ന് മന്ത്രി പറഞ്ഞു. രണ്ടിടത്തും ഒഴുകിയെത്തിയ ജനങ്ങളുടെ സഹായം കേരളത്തിന്റെ പൊതുവികാരമായിരുന്നു.
ഇന്ത്യ സ്വാതന്ത്ര്യം നേടിയ സമയം നമ്മുടെ ഭാഷ മുതൽ സംസ്കാരം വരെയുള്ള വൈവിധ്യം ചൂണ്ടിക്കാട്ടി ഇന്ത്യ ഒരു രാഷ്ട്രമായി നിലനിൽക്കില്ല എന്നായിരുന്നു പാശ്ചാത്യ നിരീക്ഷകർ പറഞ്ഞിരുന്നത്.
എന്നാൽ അതിനെല്ലാം നിരാകരിച്ച് 78 വർഷമായി ഈ നാട് ഒരു രാജ്യം ഒരു ജനത എന്ന നിലയിൽ അഭിമാനത്തോടെ നിലകൊള്ളുകയാണ്. മുമ്പ് പാശ്ചാത്യ നിരീക്ഷകർ പറഞ്ഞിരുന്ന ഇക്കാര്യം ഇന്ന് ദൗർഭാഗ്യവശാൽ രാജ്യത്തിന്റെ പല കോണുകളിൽനിന്നും ഉയരുന്നുണ്ട്.
ചരിത്രം തിരുത്തുന്ന ഈ പ്രവണതയ്ക്കെതിരെ ജാഗരൂകരായിരിക്കണം. ചരിത്രബോധമാണ് അതിന് പ്രേരകമായി നിൽക്കേണ്ടത്, മന്ത്രി ചൂണ്ടിക്കാട്ടി. ശക്തമായ സമ്പദ്ഘടനയുള്ള രാഷ്ട്രമായ ഇന്ത്യയുടെ വികസനത്തിന് നേതൃത്വം നൽകിയ സംസ്ഥാനങ്ങളിൽ മുൻപന്തിയിലാണ് കേരളമെന്നും മന്ത്രി എടുത്തുപറഞ്ഞു.
രാവിലെ 8.58 ന് സ്വാതന്ത്ര്യ ദിനാഘോഷ വേദിയിൽ എത്തിയ മന്ത്രിയെ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ രാജ്പാൽ മീണ, കോഴിക്കോട് റൂറൽ എസ്പി അരവിന്ദ് സുകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
പതാക ഉയർത്തിയ ശേഷം 28 വിവിധ സേന, വിദ്യാർത്ഥി പ്ലറ്റൂണുകളുടെ സല്യൂട്ട് മന്ത്രി സ്വീകരിച്ചു. തുടർന്ന് തുറന്ന ജീപ്പിൽ സഞ്ചരിച്ച് പരേഡിന് അഭിവാദ്യം നൽകി.
കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ്, എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, കെ എം സച്ചിൻദേവ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വൈസ് പ്രസിഡൻറ് പി ഗവാസ്, മറ്റു ജനപ്രതിനിധികൾ, സബ്കലക്ടർ ഹർഷിൽ ആർ മീണ,
അസിസ്റ്റൻറ് കലക്ടർ ആയുഷ് ഗോയൽ, ഡിസിപി അനൂജ് പലിവാൾ, ഡെപ്യൂട്ടി കളക്ടർമാർ, മറ്റു ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
ഫാറൂഖ് പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ടി എസ് ശ്രീജിത്ത് ആയിരുന്നു പരേഡ് കമാൻഡർ. ജില്ലാ പോലീസ് ഹെഡ്ക്വാർട്ടേഴ്സിലെ റിസർവ് സബ് ഇൻസ്‌പെക്ടർ ഷാജി പി സെക്കൻഡ്-ഇൻ കമാൻഡറുമായി.
#Minister #Saseendran #said #shift #development #concept #utilizes #natural #resources #limited #extent