പാലക്കാട്: (www.truevisionnews.com)കൂറ്റനാട് മദ്യലഹരിയിൽ കാർ ഓടിച്ച് അപകടമുണ്ടാക്കിയ യുവാവിനെതിരെ കേസെടുത്ത് ചാലിശ്ശേരി പൊലീസ്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ആസിഫിനെതിരെയാണ് കേസ്. വൻ അപകടം ഒഴിവായത് തലനാരിഴയ്ക്കാണ്.
ഞായറാഴ്ച രാത്രി ഏഴു മണിയോടെ വാവനൂര്‍ ഹൈസ്കൂളിന് സമീപമായിരുന്നു അപകടം. കൂറ്റനാട് നിന്നും പട്ടാമ്പി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ എതിർ ദിശയിൽ നിന്നും വരികയായിരുന്ന സ്വകാര്യ യാത്രാബസിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
കാർ റോഡിലൂടെ തലങ്ങും വിലങ്ങും അപകടകരമായ രീതിയിൽ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറകിൽ വരികയായിരുന്ന വാഹന യാത്രക്കാർ പകർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കാര്‍ ബസിലേക്ക് ഇടിച്ചത്.
നിയന്ത്രണം വിട്ട ബസ് റോഡരികിലെ വീടിൻ്റെ പടിപ്പുരയും മതിലും ഇടിച്ച് തകർത്ത ശേഷമാണ് നിന്നത്. സംഭവ സമയത്ത് വീടിൻ്റെ മുറ്റത്ത് ആളുകൾ ഇല്ലാത്തതും വൻ ദുരന്തം ഒഴിവാക്കി.
മദ്യപിച്ച് ലക്കുകെട്ട കാർ ഡ്രൈവർ ഓടിക്കൂടിയ നാട്ടുകാർക്ക് നേരെയും തട്ടിക്കയറി. തുടർന്ന് ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
കാർ ഡ്രൈവർക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനുൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തു. അപകടത്തിൽ ആർക്കും പരിക്കില്ല.
#Kootnadu #car #ran #headlong #finally #rammed #into #oncoming #private #bus #case #filed #against #driver