മേപ്പാടി: ( www.truevisionnews.com )മുണ്ടക്കൈയിലും ചൂരൽമലയിലും കനത്ത മഴയും ഇടിമിന്നലും. പ്രദേശത്ത് ഒന്നരമണിക്കൂറായി മഴ തുടരുകയാണ്. ഇന്ന് നടന്ന ജനകീയ തിരച്ചിൽ ഉച്ചയോടെ അവസാനിപ്പിച്ചിരിക്കുകയാണ്.
പരിശോധന ആരംഭിക്കുമ്പോൾ വെയിലായിരുന്നു. പിന്നെ ചാറ്റൽമഴ തുടങ്ങി. തിരച്ചിലിനെത്തിയ ആളുകൾ മടങ്ങിയതിന് പിന്നാലെയാണ് മഴ കനത്തത്. ഇടിമിന്നൽ കൂടുതൽ ശക്തമാകുകയാണ്.
തിരച്ചിലിനെത്തിയവർ പുഞ്ചിരിമട്ടത്തുനിന്നും ചൂരൽമലയിൽ നിന്നും തിരിച്ചെത്തി എന്നത് ആശ്വാസമാണെങ്കിലും പരപ്പൻപാറയിൽ തിരച്ചിൽ നടത്തുന്നവർക്ക് ഇതുവരെ മടങ്ങിയെത്താനായിട്ടില്ല.
ഈ പ്രദേശത്തുനിന്ന് കിട്ടിയ മൃതദേഹഭാഗങ്ങളുമായി കാൽനടയായാണ് ഇവർ തിരിച്ചുവരുന്നത്. ഈ പ്രദേശത്തും മഴയാണെന്നാണ് തിരിച്ചിലിനായി പോയവർ പറയുന്നത്.
സന്നദ്ധപ്രവർത്തകരും വനംവകുപ്പ് ഉദ്യോഗസ്ഥരുമാണ് ഇവിടെ തിരിച്ചിൽ നടത്തിയിരുന്നത്. കാലാവസ്ഥ മോശമാകുന്നതിന് മുമ്പ് മൃതദേഹഭാഗങ്ങള്‍ എയർലിഫ്റ്റ് ചെയ്യണമെന്ന ആവശ്യമുയർന്നിരുന്നെങ്കിലും അതുണ്ടായില്ല.
പുന്നപ്പുഴ കലങ്ങിമറിഞ്ഞൊഴുകുകയാണ്. ദിവസങ്ങൾക്ക് മുമ്പ് സമാനമായി മഴ പെയ്തതാണ് മുണ്ടക്കൈയിൽ ദുരന്തത്തിന് കാരണമായതെന്നതിനാൽ തന്നെ ആളുകൾ പേടിച്ചിരിക്കുകയാണ്.
പെട്ടന്നാണ് മഴ തുടങ്ങിയതെന്നും ഇടി മിന്നലുമുണ്ടെന്നും പേടിയാണെന്നുമാണ് ജാഫർ എന്ന നാട്ടുകാരൻ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചത്. വയനാട് ജില്ലയിൽ ഇന്നും നാളെയും യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
#heavy #rain #mundakkai #chooralmala