കല്‍പറ്റ: (truevisionnews.com) വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെവരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഒഴുകിയെത്തുന്ന ചാലിയാറില്‍ തിരച്ചില്‍ വ്യാപകമാക്കുമെന്ന് പോലീസ്.
കോസ്റ്റ് ഗാര്‍ഡും തിരച്ചിലിന്റെ ഭാഗമാകും. മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ചാലിയാറിന്റെ എല്ലാ ഭാഗങ്ങളിലും പുഴ അവസാനിക്കുന്ന കോഴിക്കോട് ജില്ലയിലും വിവിധ പോലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടക്കുന്നുണ്ടെന്ന് എ.ഡി.ഡി.പി എം.ആര്‍.അജിത് കുമാര്‍ പറഞ്ഞു.
ചൂരല്‍മലയിലെ ദുരന്തബാധിത പ്രദേശങ്ങളിലെ സന്ദര്‍നത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സൈന്യം തിരച്ചില്‍ കേന്ദ്രീകരിച്ചിരിക്കുന്നത് ഉരുള്‍പൊട്ടലുണ്ടായ മേഖലകളിലാണ്. മലപ്പുറത്ത് ലോക്കല്‍ പോലീസും അഗ്നിരക്ഷാസേനയും പ്രാദേശീയ രക്ഷാപ്രവര്‍ത്തകരുമാണ് തിരച്ചില്‍ നടത്തുന്നത്.
ഇപ്പോള്‍ കോസ്റ്റ് ഗാര്‍ഡും എത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളില്‍ ഒന്നായ പുഞ്ചിരിമട്ടത്ത് വ്യാപക തിരച്ചിലാണ് നടക്കുന്നത്.
മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് മണ്ണ് സാവധാനം നീക്കിയാണ് മൃതദേഹങ്ങള്‍ക്കായി പരിശോധന പുരോഗമിക്കുന്നത്.
സൈന്യം, എന്‍.ഡി.ആര്‍.എഫ്, കോസ്റ്റ് ഗാര്‍ഡ്എന്നിവ ഉള്‍പ്പടെ 40 സംഘങ്ങളായി തിരിഞ്ഞാണ് ദുരന്തമേഖലകളിലെ തിരച്ചില്‍.
മുണ്ടക്കൈ ജംഗ്ഷന് മുകളിലുള്ള പ്രദേശമായ പുഞ്ചിരിമട്ടത്തിന് താഴെയുള്ള ഭാഗങ്ങളിലായിരുന്നു വ്യാഴാഴ്ച തിരച്ചില്‍ നടന്നത്.
മുകള്‍ഭാഗത്തേക്ക് കയറിയുള്ള പരിശോധനയാണ് വെള്ളിയാഴ്ച നടക്കുക. കഡാവര്‍ നായകളേയും തിരച്ചിലിനായി ഉപയോഗിക്കുന്നുണ്ട്.
വെള്ളാര്‍മല വില്ലേജ് ഓഫീസിനോട് ചേര്‍ന്ന ഭാഗങ്ങളിലാകും മൃതദേഹങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. ഈ മേഖലയിലാണ് മരങ്ങള്‍ കൂടുതലായി വന്നടിഞ്ഞിരിക്കുന്നത്.
വില്ലേജ് ഓഫീസിന്റെ ഒരു ഭാഗത്ത് നിന്നും 30-ല്‍ അധികം മൃതദേഹങ്ങള്‍ നേരത്തേ കണ്ടെത്തിയിരുന്നു. അട്ടമല റോഡില്‍ വില്ലേജ് ഓഫീസിന് എതിര്‍വശത്തെ ഭാഗത്താണ് ഇനി തിരച്ചില്‍ നടക്കാനുള്ളതെന്നും ഇവര്‍ വ്യക്തമാക്കുന്നു.
ഇവിടേക്ക് ഇതുവരെ മണ്ണുമാന്തി യന്ത്രങ്ങള്‍ക്ക് ഉള്‍പ്പടെ എത്താനായിരുന്നില്ല. ബെയ്‌ലി പാലം വന്നതിനാല്‍ യന്ത്രങ്ങള്‍ എത്തിച്ചുള്ള തിരച്ചിലാവും നടക്കുക.
#CoastGuard #search #Chaliyar #ADGP #search #extended #Kozhikode