നിലമ്പൂർ: (truevisionnews.com) ബന്ധുക്കളുടെ കൈത്താങ്ങിൽ ആശുപത്രിയിലേക്ക് നടന്നുനീങ്ങുമ്പോൾ പ്രസന്നക്ക് വിറക്കുന്നുണ്ടായിരുന്നു.
ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് അവർ മൃതശരീരങ്ങൾ കിടത്തിയ വാർഡിന്‍റെ പടി കയറിയത്. മൃതദേഹം അമ്മയുടേതാവല്ലേ എന്നായിരുന്നു പ്രാർഥന.
അമ്മയുടേതെന്ന് ബന്ധുക്കൾ സംശയിച്ച മൃതശരീരത്തിലേക്ക് ഒന്നു നോക്കാനേ സാധിച്ചുള്ളു. ശരീരം അമ്മയുടേതെന്ന് ഉറപ്പിക്കാൻ പ്രസന്നക്ക് കഴിഞ്ഞില്ല.
പാതി മാത്രമുള്ള ശരീരം കണ്ട് അവർ വാവിട്ടു കരഞ്ഞു. ഏങ്ങലടിച്ച് ബന്ധുവിന്റെ തോളിലേക്ക് ചാഞ്ഞു. കൂടെയുള്ളവരുടെ കണ്ണുകൾ നിറഞ്ഞു.വയനാട് ഉരുൾപൊട്ടലിൽ ചൂരൽമല മുരളീഭവനത്തിൽ ചിന്നയും സഹോദരനും സഹോദരഭാര്യയും പുത്രനുമടക്കം നാലുപേരെയാണ് കാണാതായത്.
സഹോദരൻ ദാമോദരന്‍റെ മൃതദേഹം വീടിനടുത്തുനിന്ന് തന്നെ കണ്ടെത്തി. 84കാരിയായ ചിന്നയെയും ദാമോദരന്‍റെ ഭാര്യ അമ്മാളുവിനെയും മകൻ ഹരിദാസനെയും കണ്ടെത്താനായില്ല.
ചാലിയാറിൽ നടത്തിയ തിരച്ചിലിൽ ചൊവ്വാഴ്ചയാണ് ചിന്നയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത്. മേപ്പാടിയിലേക്ക് കൊണ്ടുപോയ മൃതദേഹം, വ്യാഴാഴ്ച രാവിലെ പ്രസന്നയുടെ സഹോദരങ്ങൾക്ക് കൂടി കാണിച്ചുകൊടുക്കും.
ഇതിനു ശേഷമേ ചിന്നയുടേതാണോയെന്ന സംശയത്തിന് അറുതിയാവുകയുള്ളു. ചൂരൽമലയിൽ ചിന്നയും സഹോദരൻ ദാമോദരനും അടുത്തടുത്ത വീടുകളിലാണ് താമസം.
ദുരന്തത്തിന് തലേന്നാൾ പകൽ ചിന്ന, ഒന്നര കിലോമീറ്റർ അകലെ നീലിക്കാവ് പാലത്തിന് സമീപമുള്ള സഹോദരി ചന്ദ്രികയുടെ വീട്ടിലായിരുന്നു.
വൈകുന്നേരം സ്വന്തം വീട് തുറന്ന് വിളക്കുവെച്ചശേഷം അന്തിയുറങ്ങാൻ തൊട്ടുതാഴെയുള്ള ദാമോദരന്‍റെ വീട്ടിലേക്ക് പോവുകയായിരുന്നു. ഉരുൾപൊട്ടലിൽ ഈ വീടും സമീപമുള്ള വീടുകളും അപ്പാടെ ഒലിച്ചുപോയി. ഈ വീട്ടിൽ അന്തിയുറങ്ങിയ നാലുപേരെയാണ് ദുരന്തം കവർന്നത്.
#not #mother #but #Prasanna #screaming #helplessness