വയനാട് : ( www.truevisionnews.com ) സുരക്ഷിതമാണെന്ന് കരുതി വേറെ സ്ഥലത്തുനിന്നും മുണ്ടക്കൈയത്തെ വീടുകളിൽ വന്ന് പലരും താമസിച്ചിട്ടുണ്ടെന്നും മരണസംഖ്യ കൂടുതലുണ്ടാവുമെന്നും ഉരുൾപൊട്ടലിൽ നിന്നും രക്ഷപ്പെട്ട പ്രദേശവാസി.
ആളുകളാദ്യം നഷ്ടപ്പെട്ടു എന്നുപറയുന്നത് സുബ്രഹ്മണ്യന്റെ വീടാണ്. അവിടെ സുബ്രഹ്മണ്യനും ഭാര്യയും മക്കളും അടക്കം സാധാരണഗതിയിൽ അഞ്ചുപേരാണുള്ളത്.
എന്നാൽ അയൽവാസി ഗോപാലേട്ടനും ഭാര്യയും രണ്ട് മക്കളും ദൂരെ താമസിക്കുന്ന അവരുടെ ജേഷ്ഠനും ഭാര്യയും മകളും അന്ന് അവിടെയുണ്ടായിരുന്നു. അങ്ങനെ പുറമെനിന്നും വന്ന ഏഴുപേരുടെ കണക്ക് ആർക്കുമറിയില്ല.
ഇതുപോലെ സുരക്ഷിതമാണെന്ന് കരുതി വേറെ സ്ഥലത്തുനിന്നും വന്നവർ പല വീടുകളിലുമുണ്ട്. അതാരൊക്കെയാണെന്ന് ഒരു ധാരണ കിട്ടുന്നില്ല. ഓരോ വീടുകളിലും പ്രതീക്ഷിക്കുന്നതിലും കൂടുതലാണ് അംഗസംഖ്യയെന്നും അദ്ദേഹം പറഞ്ഞു.
എസ്റ്റേറ്റ് ലയങ്ങളിൽ പ്രദേശവാസികളുമുണ്ട്, അന്യസംസ്ഥാന തൊഴിലാളികളുമുണ്ട്. അവിടെയെല്ലാം മരുഭൂമി പോലെയാണുള്ളത്, ഒന്നുമില്ല. നേരത്തെ നമ്മൾ കണ്ട നാടാണ്, അവിടെയൊരു വീടുണ്ടായിരുന്നു എന്ന് ചൂണ്ടിക്കാണിക്കാൻ പോലും കഴിയില്ല.
രാത്രി ശബ്ദം കേട്ടിട്ടാണ് പുറത്തിറങ്ങിയത്. ആ പരിസരത്തുള്ള എല്ലാവരും മദ്രസ കമ്പോളത്തിനടുത്തേക്ക് വന്നു. പിന്നീട് വീണ്ടും ഉരുൾപൊട്ടിയപ്പോൾ അവിടെ നിന്നും ഇറങ്ങിയോടി തുറന്ന സ്ഥലത്തേക്ക് പോന്നു.
മൂന്നുതവണയോളം ശബ്ദം കേട്ടിട്ടുണ്ട്. നേരം വെളുത്തുനോക്കുമ്പോൾ വീടിരുന്നിടത്ത് അടയാളം പോലുമില്ലാത്ത അവസ്ഥയാണ്, അദ്ദേഹം പറഞ്ഞു.
#wayanad #landslide #heartbreaking #account #chooralmala #resident