കൽപ്പറ്റ: ( www.truevisionnews.com ) “ചെളിയിൽ പുതഞ്ഞുകിടക്കുന്നത് നോക്കാനാവുന്നില്ല, ജീവനുണ്ട്, ഒന്നെത്താമോ...” -മൊബൈൽഫോണുകളിൽനിന്ന് നിരന്തരം അഭ്യർഥനകളെത്തി. തിരികെ വിളിച്ചാൽ പലരെയും കിട്ടാതായതോടെ ആധിയേറി.
ചൂരൽമലയെയും മുണ്ടക്കൈയെയും ബന്ധിപ്പിച്ചിരുന്ന പാലം തകർന്നതോടെ അങ്ങോട്ടുകടക്കാനാകാതെ എല്ലാവരും നിസ്സഹായരായി. പോലീസും അഗ്നിരക്ഷാസേനാംഗങ്ങളും സന്നദ്ധപ്രവർത്തകരും എത്തിയെങ്കിലും മുട്ടൊപ്പം ചെളിനിറഞ്ഞ ചൂരൽമല ടൗൺ വൃത്തിയാക്കിയാലേ രക്ഷാപ്രവർത്തനം നടത്താനാവൂ എന്ന സ്ഥിതിയായിരുന്നു.
നാട്ടുകാരും സേനാംഗങ്ങളും ഒരുമിച്ച് ചേർന്ന് രക്ഷാപ്രവർത്തനം തുടങ്ങി. എച്ച്.എസ്. റോഡ് പരിസരത്തെ വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ജീവനും കൈയിലെടുത്തുനിന്നവരെ ക്യാമ്പുകളിലേക്കും ആശുപത്രികളിലേക്കും മാറ്റി.
പതിനൊന്നരയോടെ മുണ്ടക്കൈ ലക്ഷ്യമാക്കിയുള്ള രക്ഷാപ്രവർത്തനം തുടങ്ങി. രക്ഷാപ്രവർത്തനത്തിനൊപ്പം നിലയ്ക്കാത്ത മഴ ആശങ്കയേറ്റി. കരസേനയും നാവികസേനയും എത്തിയതോടെ രക്ഷാപ്രവർത്തനം വേഗത്തിലായി.
ഉണരാത്ത നിദ്ര
ചൂരൽമല (വയനാട്): രക്ഷാപ്രവർത്തകരെത്തി കൈനീട്ടുമ്പോൾ ആകെ ഉരുൾപൊട്ടിയൊഴുകിയ ചെളിയിൽ പുതഞ്ഞ് വിറച്ചുനിൽക്കുകയായിരുന്നു ചൂരൽമലയും മുണ്ടക്കൈയും. കരയാൻപോലുമാകാതെ ഭീതിയോടെ നാടൊന്നാകെ വിതുമ്പി. ഉറക്കമുണർന്ന് എഴുന്നേറ്റപ്പോൾ ആരോരുമില്ലാതായവർ, സമ്പാദ്യങ്ങളത്രയും പോയവർ, കളിച്ചുവളർന്നിടത്ത് ഉരുളും മലവെള്ളപ്പാച്ചിലും അതു തകർത്ത ജീവിതങ്ങളും കണ്ട് നിസ്സഹായരായി.
രാത്രി പന്ത്രണ്ടരയോടെയാണ് രണ്ടു ഗ്രാമങ്ങളെത്തന്നെ ഇല്ലാതാക്കിയ ദുരന്തത്തിന്റെ തുടക്കം. മുണ്ടക്കൈ വെള്ളോലിമലയുടെ മുകളിൽനിന്ന് ഉരുൾപൊട്ടി നിമിഷനേരംകൊണ്ട് മുണ്ടക്കൈയെയും ചൂരൽമലയെയും വിഴുങ്ങി.
‘ബ്ഭൂം’ എന്ന ഹുങ്കാരശബ്ദംകേട്ടാണ് താനുണർന്നതെന്ന് ചൂരൽമല എച്ച്.എസ്. റോഡിലെ തങ്കച്ചൻ പറഞ്ഞു. വീടാകെ ഉരുൾപൊട്ടി ഒഴുകിവന്ന ചെളിനിറഞ്ഞു. വലിയ പാറക്കഷണങ്ങളും മരത്തടികളും വന്നിടിച്ചു.
വീട്ടിൽനിന്ന് ഇറങ്ങിയോടുകയായിരുന്നു. കുന്നുകയറി നിന്നു. കൺമുമ്പിൽ എല്ലാം ഒലിച്ചുപോയി. അനിയൻ ജോയിയെയും ഭാര്യ ലീലയെയും ഉരുൾ കൊണ്ടുപോയി -തങ്കച്ചൻ ഭീതിയോടെ വിവരിച്ചു.
ആർത്തലച്ചുവന്ന മലവെള്ളപ്പാച്ചിലിൽ ജീവനും കൈയിൽപ്പിടിച്ച് കുന്നിൻമുകളിലേക്ക് ഓടിക്കയറിയവർ ഒരിക്കലും മറക്കാത്ത ദുരന്തത്തിന്റെ ദൃക്സാക്ഷികളായി. മൂന്നരയോടെ രണ്ടാമത്തെ ഉരുളും പൊട്ടി. ഇതോടെ പാലം ഒലിച്ചുപോയി മുണ്ടക്കൈയും ചൂരൽമലയും രണ്ടായി. ചൂരൽമല എച്ച്.എസ്. റോഡിന്റെ പരിസരങ്ങളിലായി അവശേഷിച്ച വീടുകളും ഉരുളെടുത്തു.
വെള്ളാർമല ജി.വി.എച്ച്.എസ്. സ്കൂളിന്റെ ഒരു കെട്ടിടം തകർന്നു. മറ്റു കെട്ടിടങ്ങളുടെ അടിത്തറയിളക്കി വലിയപാറക്കല്ലുകളും ചെളിയും ഇരച്ചെത്തി. സ്കൂളിനു തൊട്ടടുത്തെ വീടുകൾ തറപോലും അവശേഷിപ്പിക്കാതെ നാമാവശേഷമായി.
മലവെള്ളം സ്കൂൾ ഗ്രൗണ്ടിലൂടെ പരന്നൊഴുകി. ആദ്യ ഉരുളിൽ വീടിന്റെ ടെറസിൽക്കയറി നിന്നവർപോലും മലവെള്ളപാച്ചിലിൽ ഒഴുകിപ്പോകുന്നത് സുരക്ഷിതസ്ഥാനങ്ങളിൽ മാറിയവർക്ക് നോക്കിനിൽക്കേണ്ടിവന്നു.
കൈകൊടുത്തുയർത്താവുന്നവരെ അവർ പിടിച്ചുകയറ്റി. “98 വയസ്സായ വല്യുമ്മയെയുംകൊണ്ടാണ് കുന്നുകയറിയത്. തിരികെവന്നപ്പോൾ സ്കൂൾക്കെട്ടിടത്തിൽ തലയുടക്കി രണ്ടുപേർ, അടുത്ത റിസോർട്ടിലെ അതിഥികളായിരുന്നു. അവരെ വലിച്ചുകയറ്റി, കൂടെ രണ്ടുപേർകൂടിയുണ്ടെന്നും പറഞ്ഞ് അവർ ഒരേ കരച്ചിലായിരുന്നു” -പ്രദേശവാസിയായ അബു പറഞ്ഞു.
#wayanad #landslide #climbed #hill #With #98 #year #old #grandmother