പുൽപ്പള്ളി: (truevisionnews.com) കേരളത്തിലേക്ക് ലഹരി കടത്തുന്ന മുഖ്യ കണ്ണിയെ അതിസാഹസികമായി പിടികൂടി വയനാട് പൊലീസ്.
കേരള - കർണാടക അതിർത്തി ഗ്രാമമായ ബൈരക്കുപ്പ ആനമാളം തണ്ടൻകണ്ടി വീട്ടിൽ രാജേഷ്(28)നെയാണ് പുൽപ്പള്ളി ഇൻസ്‌പെക്ടർ എസ്എച്ച്ഒ ബിജു ആന്റണിയും സംഘവും കർണാടകയിലെ മച്ചൂരിൽ നിന്ന് പിടികൂടിയത്.
കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനിയാണിയാളെന്ന് പൊലീസ് അറിയിച്ചു.
ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും പുൽപ്പള്ളി പൊലീസും ചേർന്ന് രാജേഷിനെ കസ്റ്റഡിയിലെടുക്കുന്നതിനിടെ ഒരു കൂട്ടം ആളുകൾ തടയാൻ ശ്രമിച്ചിരുന്നു.
എന്നാൽ ഏറെ പണിപ്പെട്ടും ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മെയ് 23ന് സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 2.140 കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ പെരിക്കല്ലൂരിൽ വെച്ച് പിടിയിലായ കേസിന്റെ തുടരന്വേഷണത്തിലാണ് ഇവർക്ക് കഞ്ചാവ് നൽകിയ രാജേഷിനെക്കുറിച്ച് വിവരം ലഭിച്ചത്.
ശാസ്ത്രീയവും കൃത്യവുമായ അന്വേഷണത്തിലാണ് പൊലീസ് രാജേഷിലേക്കെത്തുന്നത്. മലപ്പുറം സ്വദേശികളായ അരീക്കോട്, കാവുംപുറത്ത് വീട്ടിൽ ഷൈൻ എബ്രഹാം(31), എടക്കാപറമ്പിൽ, പുളിക്കാപറമ്പിൽ വീട്ടിൽ അജീഷ്(44) എന്നിവരാണ് 23ന് പിടിയിലായിരുന്നത്.
ഈ മാസം 20ന് ശനിയാഴ്ച മലപ്പുറം അരിക്കോട് എടക്കാട്ടുപറമ്പ് മുളക്കാത്തൊടിയിൽ വീട്ടിൽ സുബൈർ(47) എന്ന ആളെയും പിടികൂടിയിരുന്നു.
ഇയാൾക്ക് വേണ്ടിയാണ് യുവാക്കൾ കഞ്ചാവ് വാങ്ങിയത്. കഞ്ചാവ് സുബൈറിന് എത്തിച്ചു കൊടുക്കാൻ ശ്രമിക്കുമ്പോഴാണ് പെരിക്കല്ലൂരിൽ വെച്ച് യുവാക്കൾ പിടിയിലായത്.
പെരിക്കല്ലൂർ കടവ് ഭാഗത്ത് നിന്നും സ്‌കൂട്ടറിൽ വരുകയായിരുന്ന ഇവരെ പരിശോധനയുടെ ഭാഗമായി പൊലീസ് കൈ കാണിച്ച് നിർത്താൻ നിർദ്ദേശം നൽകുകയായിരുന്നു.
എന്നാൽ വാഹനം നിർത്തിയെങ്കിലും പിറകിലിരുന്ന അജീഷ് ഇറങ്ങിയോടുകയായിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് സ്‌കൂട്ടറിന്റെ ഡിക്കിയിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. അജീഷ് ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് പിടികൂടുകയായിരുന്നു.
#ringleader #gang #smuggles #ganja #Kerala #Wayanadpolice #caught #adventurous #manner