വെണ്ണിയോട് :(truevisionnews.com) കനത്ത കാറ്റിലും മഴയിലും വെള്ളം കയറിയും കൃഷിനാശം സംഭവിച്ചവർക്കു നഷ്ടപരിഹാരം നൽകണമെന്നു കർഷകർ.
കോട്ടത്തറ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം ഒരാഴ്ചയോളമായി വെള്ളം കെട്ടിനിന്നു വാഴ, കപ്പ അടക്കമുള്ള കൃഷികൾ നശിച്ചവർ ഒട്ടേറെയാണ്.
മഴയെത്തുടർന്ന് പുഴ കരകവിഞ്ഞൊഴുകി വെള്ളം കയറി കൃഷി നശിച്ചവരാണ് ഏറെയും. വെള്ളം കയറി ഇറങ്ങിയ കൃഷിയിടങ്ങളിൽ ചില കർഷകരുടെ വാഴകൾ നിലം പൊത്തിയ അവസ്ഥയാണ്.
പഞ്ചായത്തിലെ കോർലോത്ത് മുണ്ടോളി കുഞ്ഞമ്മദിന്റെ പാതി മൂപ്പെത്തിയതും ഓണത്തോടനുബന്ധിച്ചു വിളവെടുക്കാവുന്നതുമായ ഇരുനൂറോളം വാഴകളാണു നിലംപൊത്തിയത്.
ചില കർഷകരുടെ വാഴകൾ വിളവെടുപ്പിന് പാകമായിട്ടുണ്ടെങ്കിലും വെള്ളം കയറിക്കിടക്കുന്നതിനാൽ വിളവെടുക്കാൻ പറ്റാത്ത സാഹചര്യമാണ്. ഇത്തരം ചില കൃഷിയിടത്തിൽ കായ്കൾ മൂത്തു പഴുത്തു നശിക്കുന്ന അവസ്ഥയുണ്ട്.
പഴുത്ത കായ്കൾ പക്ഷികൾ കൂട്ടത്തോടെ എത്തി തിന്നുതീർക്കുകയാണെന്നു കർഷകർ പറയുന്നു. വയലിൽ വിതച്ച വിത്ത് ഒഴുകി പോയത് ചില കർഷകർക്കു തിരിച്ചടിയായി.
വീണ്ടും വിത്ത് വിതയ്ക്കേണ്ട അവസ്ഥയാണ് പലർക്കുമുള്ളത്.
വെള്ളം കയറി നെൽവിത്ത് നശിച്ച കർഷകർക്ക് കൃഷിവകുപ്പ് അടിയന്തരമായി വിത്ത് സൗജന്യമായി നൽകണമെന്നും കൃഷിനശിച്ച സ്ഥലങ്ങൾ ജനപ്രതിനിധികളടക്കമുള്ളവരും മറ്റും സന്ദർശിച്ചു നഷ്ടപരിഹാരം നൽകുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കണമെന്നുമാണു കർഷകരുടെ ആവശ്യം.
#emergency #relief #should #be #provided #in #rain