മലപ്പുറം: ( www.truevisionnews.com ) നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി.
ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ഹോട്ടലുകൾ ഉൾപ്പെടെ കടകൾ രാവിലെ പത്ത് മുതൽ അഞ്ച് വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ എന്ന് ജില്ല കലക്ടർ വി.ആർ. വിനോദ് അറിയിച്ചു.
സിനിമ തിയറ്ററുകൾ, മദ്റസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവ ഞായറാഴ്ച പ്രവർത്തിക്കരുത്. ആൾക്കൂട്ടം അനുവദിക്കില്ല. നേരത്തെ നിശ്ചയിച്ച വിവാഹമുൾപ്പെടെ പരിപാടികൾ പരമാവധി ആളുകളെ കുറച്ചേ നടത്താവൂ.
സ്കൂളുകളുൾപ്പടെ വിദ്യഭ്യാസ സ്ഥാപനങ്ങളുടെ അവധി സംബന്ധിച്ച് ഞായറാഴ്ച തീരുമാനിക്കും. നിലവിൽ രോഗബാധിത മേഖലയിലേക്ക് വാഹനഗതാഗതം തടസ്സപ്പെടുത്തില്ല. മാധ്യമ പ്രവർത്തകരും ഈ മേഖലകളിലേക്ക് പോകരുതെന്ന് നിർദ്ദേശമുണ്ട്. പ്രദേശത്ത് ഗതാഗത നിയന്ത്രണമില്ല.
സമ്പർക്ക പട്ടികയിലുള്ള 214 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 60 പേർ ഹൈറിസ്ക് വിഭാഗത്തിൽ പെടുന്നവരാണ്. ഹൈറിസ്ക്കിൽ ഉള്ളവരുടെ എണ്ണം കൂടിയേക്കാമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുമെന്നും സമ്പർക്കത്തിൽ ഏർപ്പെട്ടവർ കൺട്രോൾ റൂമിൽ ബന്ധപ്പെടണമെന്നും അറിയിപ്പുണ്ട്. നിപ കൺട്രോൾ റൂം നമ്പറുകൾ: 0483-2732010, 0483-2732050, 0483-2732060, 0483-2732090
പാണ്ടിക്കാട് സ്വദേശിയായ 14കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗത്തെ നേരിടാന്‍ സംസ്ഥാനം പൂര്‍ണ്ണ സജ്ജമാണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചിരുന്നു. സംസ്ഥാനത്ത് നടത്തിയ നിപ പരിശോധനയിലും പൂനെ വൈറോളജി ലാബിൽ നിന്നുള്ള ഫലത്തിലും നിപ രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് മന്ത്രി വ്യക്തമാക്കിയത്.
ഇന്ന് (ശനി) പുലർച്ചെ മുതൽ രോഗ ബാധ സംശയത്തെ തുടര്‍ന്ന നിപ പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. നിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്ഒപി അനുസരിച്ചുള്ള 25 കമ്മിറ്റികള്‍ ജില്ലയിൽ അടിയന്തരമായി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചിരുന്നു.
രോഗചികിത്സയ്ക്കാവശ്യമായ മോണോക്ലോണൽ ആന്റി ബോഡി പൂനെ വൈറോളജി ലാബില്‍ നിന്നും അയച്ചിട്ടുണ്ട്. നാളെ (ഞായർ) രാവിലെ എത്തും. മറ്റു മരുന്നുകളും മാസ്ക്, പി.പി.ഇ കിറ്റ്, പരിശോധനാ കിറ്റുകൾ തുടങ്ങിയവ എത്തിക്കുന്നതിനായി കെഎം.എസ്സിഎല്ലിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 30 ഐസൊലേഷന്‍ റൂമുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആറ് ബെഡുള്ള ഐ.സി.യുവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.രോഗിയുമായി സമ്പര്‍ക്കമുണ്ടായ എല്ലാവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മൂന്ന് കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണ നടപടികൾ കർശനമാക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
#nipah #strict #control #pandikkad #anakkayam #panchayats